Latest NewsKeralaNews

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ദോഷം മാറ്റാൻ ലോഡ്ജിലേക്ക് വരുത്തി: യുവജ്യോത്സ്യനെ മയക്കി 13 പവൻ കവർന്ന യുവതി അറസ്റ്റിൽ

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന കേസില്‍ ഒളിവിലായിരുന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസി (26)യെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ യുവാവിനെ പോലീസ് തിരയുകയാണ്.

കഴിഞ്ഞമാസം 24ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

‘ആതിര’ എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. യുവതി ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കാറിൽ കലൂരിലെത്തിയ ജോത്സ്യൻ ആതിരയെ കണ്ടു. തന്റെ സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ യുവതി ഇടപ്പള്ളിയിലെത്തിച്ചത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന ഹോട്ടലിൽ മുറിയെടുത്തു. ലോഡ്ജിൽ മുറിയെടുത്ത ശേഷം ശീതളപാനീയം നൽകി ജ്യോത്സ്യനെ മയക്കിക്കിടത്തി. യുവതി സുഹൃത്തിന്റെ സഹായത്തോടെ ജ്യോത്സ്യൻ ധരിച്ചിരുന്ന 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണും കവർന്നു.

ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ട ശേഷമാണ് യുവതി സ്ഥലംവിട്ടത്. വൈകിട്ട്  റൂമിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് ജോത്സ്യനെ അബോധാവസ്ഥയിൽ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും.

യുവതിയുടെയും സുഹൃത്തിന്റെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഫോൺ വിളികളും പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വ്യാജ മേൽവിലാസത്തിലായിരുന്നു പ്രതികൾ ജ്യോത്സ്യനൊപ്പം ഹോട്ടലിൽ മുറിയെടുത്തത്. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എസിപി സി ജയകുമാറിന്റെ മേൽനോട്ടത്തിൽ എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്ആർ സനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആൻസി പിടിയിലായത്. അപഹരിച്ച സ്വർണാഭരണം കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button