Latest NewsNewsIndia

‘പാർലമെന്റ് അക്കൗണ്ട് വിവരങ്ങൾ നൽകി’, മഹുവ മൊയ്ത്രക്കെതിരെ സത്യവാങ്മൂലവുമായി വ്യവസായി, തരൂരിന്റെ പേരും ഉയരുന്നു?

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര അവരുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്‌വേഡും പങ്കിട്ടുവെന്ന് അവകാശപ്പെട്ട് വ്യവസായി ദർശൻ ഹിരാനന്ദാനി. പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിരാനന്ദാനി സത്യവാങ്മൂലം സമർപ്പിച്ചു. അവരുടെ പേരിൽ ചോദ്യങ്ങൾ പോസ്‌റ്റ്‌ ചെയ്യാൻ വേണ്ടിയായിരുന്നു ഈ നടപടിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഹിരാനന്ദാനിയുടെ സത്യവാങ്മൂലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, വ്യവസായിയുടെ സത്യവാങ്മൂലത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തുകൊണ്ട് മഹുവ മൊയ്ത്ര രംഗത്ത് വന്നു. സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ടിഎംസി എംപിയായ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.

മൊയ്‌ത്രയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിൽ കൈക്കൂലി ഇടപാട് നടന്നുവെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട ദുബെ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തും ഉദ്ധരിച്ചു.

ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന അപകീർത്തികരമായ ആരോപണത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കും തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര ചൊവ്വാഴ്‌ച വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ, ഇതെല്ലം നിഷേധിച്ച് മഹുവ രംഗത്തെത്തിയിരുന്നു. നേരത്തെ ‘രാഷ്ട്രീയ കച്ചവടത്തിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ല’ എന്ന് വ്യക്തമാക്കിയ ഹിരാനന്ദാനി ഗ്രൂപ്പും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

എന്നാൽ മഹുവ മൊയ്ത്രയ്ക്ക് എത്രയും വേഗം ദേശീയ തലത്തിൽ ശ്രദ്ധ നേടണമായിരുന്നു എന്നും, അതിലേക്കുള്ള ഏറ്റവും എളുപ്പവഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ അടുപ്പക്കാർ ഉപദേശിച്ചുവെന്നും ദർശൻ ഹിരാനന്ദാനി അവകാശപ്പെട്ടിരുന്നു. അദാനിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ മൊയ്ത്ര ശ്രമിച്ചുവെന്നും ഹിരാനന്ദാനി അവകാശപ്പെട്ടു. ‘എംപി എന്ന നിലയിൽ അവരുടെ ഇമെയിൽ ഐഡി അവർ എന്നോടൊപ്പം പങ്കിട്ടു, അതിനാൽ എനിക്ക് അവർക്ക് വിവരങ്ങൾ അയയ്ക്കാനും, അവർക്ക് പാർലമെന്റിൽ ആ ചോദ്യങ്ങൾ ഉന്നയിക്കാനും കഴിയും’- ഹിരാനന്ദാനി പറഞ്ഞു.

‘അവർ പലപ്പോഴും വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ആനുകൂല്യങ്ങൾക്കായി നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തു. ഡൽഹിയിലെ വസതി നവീകരിക്കൽ, വിലകൂടിയ സമ്മാനങ്ങൾ, യാത്രാ ചെലവുകൾ തുടങ്ങിയവ’ ഹിരാനന്ദാനി ആരോപിച്ചു.

മൊയ്‌ത്ര തന്നെ മുതലെടുക്കുകയും കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതായി തനിക്ക് തോന്നിയെന്നും ഹിരാനന്ദാനി അവകാശപ്പെട്ടു. താൻ നേരിട്ട് ഉൾപ്പെട്ട വിഷയമായതിനാൽ സത്യവാങ്മൂലം സമർപ്പിക്കുകയാണെന്ന് ഹിരാനന്ദാനി പറഞ്ഞു. വിഷയം ഇപ്പോൾ പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്കും ജുഡീഷ്യറിക്കും മുമ്പാകെ വിട്ടതോടെ വൻ രാഷ്ട്രീയ വിവാദത്തിലേക്ക് ഇത് നയിച്ചത്.

സംഭവത്തിൽ ശശി തരൂരിന്റെ പേരും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ, തന്റെ എക്‌സ് പോസ്‌റ്റിലൂടെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയെ മഹുവ മൊയ്‌ത്ര ചോദ്യം ചെയ്‌തു. ഇത് വെറും വെള്ളപേപ്പറിലാണ് എഴുതിയതെന്നും ഔദ്യോഗിക ലെറ്റർഹെഡല്ലെന്നും അവർ പറഞ്ഞു. കത്തിലെ ഉള്ളടക്കം (സത്യവാങ്മൂലം) വെറും തമാശയാണെന്നും അവർ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button