AgricultureLatest NewsKeralaNews

‘നാലിൽ മൂന്നും കേന്ദ്രത്തിന്റെ ഫണ്ട്, അത് വക മാറ്റി ചെലവഴിക്കും’: പിണറായി സർക്കാരിനെതിരെ കൃഷ്ണ പ്രസാദ്

തിരുവനന്തപുരം: കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചതിന് പിന്നാലെയാണ് കൃഷ്ണ പ്രസാദിന്റെ പ്രതികരണം.

‘സർക്കാരിന് ഒരു വകുപ്പുണ്ട്. നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വകുപ്പിലുണ്ട്. രണ്ടായിരം കോടിക്ക് താഴെ രൂപയ്ക്ക് നെല്ല് ശേഖരിച്ചിട്ട് അതില്‍ നാലില്‍ മൂന്ന് നൽകുന്നത് കേന്ദ്ര സർക്കാരാണ്. കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ. നാലിൽ മൂന്നും വരുന്നത് കേന്ദ്രത്തിന്റെ ഫണ്ടാണ്. ആ ഫണ്ട് ഞങ്ങളിലേക്ക് കൃത്യമായി എത്തിക്കണം. ഫണ്ട് നേരിട്ട് കർഷകരുടെ അകൗണ്ടിൽ തരാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യില്ല. അത് സംസ്ഥാന സർക്കാർ വാങ്ങി വക മാറ്റി ചെലവഴിക്കും. എന്നിട്ടാണ് പിആർഎസ് ലോണ്‍ എടുക്കാന്‍ പറയുകയാണ്. ലോണ്‍ എടുത്ത് കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളില്‍ കണ്‍സോർഷ്യവുമായുള്ള സർക്കാർ ധാരണയെന്താണെന്ന് കർഷകർക്ക് അറിയില്ല.

ഇപ്പോൾ ആത്മഹത്യ ചെയ്ത പ്രസാദിനെ എങ്കിലും വെറുതെ വിടണം. രാഷ്ട്രീയവും മറ്റ് കാര്യങ്ങളും പറഞ്ഞ് അയാളെ എങ്കിലും തേജോവധം ചെയ്യാതിരിക്കണം. ഒരാളെ നഷ്ടപ്പെട്ടു. ഇനിയിങ്ങനെ സംഭവിക്കരുത്. ഒരു കൃഷി മന്ത്രിയുടെ മുന്നിൽ വെച്ചാണ് മറ്റൊരു മന്ത്രി പറയുന്നത് കേരളത്തിൽ കൃഷിയുടെ ആവശ്യമില്ല എന്ന്. ഇങ്ങനെയുള്ള ഒരു നാട്ടിൽ എങ്ങനെ കൃഷി ചെയ്യും. ഇവർ ആസ്ട്രേലിയയിൽ കൃഷിയെ കുറിച്ച് പഠിക്കാൻ പോയി. അതിൽ നിന്നൊരാൾ മുങ്ങി. അതിനുശേഷം അയാളെ അന്വേഷിച്ചു ന‌ടന്നു. എതാണ്ട് നാല്-അഞ്ച് കോടി രൂപ അതിനു വേണ്ടി മുടക്കി, എന്തിന്? എങ്കിൽ തമിഴ്നാട്ടിൽ പോയി കൃഷിയെ കുറിച്ച് പഠിച്ചാൽ പോരായിരുന്നോ. അപ്പോൾ, നമ്മുടെയൊക്കെ കരത്തിന്റെ കാശ് ഇതുപോലെ അനാവശ്യം കളയുകയല്ലാതെ ആവശ്യത്തിന് ഇത് ഉപകരിക്കുന്നില്ല.

ഞങ്ങളാരും കോടീശ്വരന്മാരല്ല, ലക്ഷപ്രഭുക്കളല്ല. വളരെയധികം പടവെട്ടി, ബുദ്ധിമുട്ടിയാണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. ഞങ്ങൾ പ്രകൃതിയോട് പോരാടണം, മണ്ണിനോട് പോരാടണം. ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്നതിന്റെ ആ മൂല്യത്തിന് അതിന്റെ വില തരുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്’, കൃഷ്ണ പ്രസാദ് ചോദിക്കുന്നു.

‘പ്രസാദിന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണ്. പിആർഎസ് വായ്പ സർക്കാർ കുടിശ്ശിക വരുത്തി. ഇത് കർഷകരെ വലിയ ദുരിതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. മുൻപും കർഷക ആത്മഹത്യ ഉണ്ടായിട്ടുണ്ട്. ഭക്ഷ്യമന്ത്രിയുടെ വാദങ്ങൾ ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഭരണമോ സർക്കാരോ ഉണ്ടോ? ചെന്നിത്തല ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button