KeralaLatest NewsNews

ആഭരണ പ്രേമികൾ അറിയാൻ; ഇന്ന് പവന് 44,440 രൂപ, പക്ഷേ വാങ്ങുമ്പോൾ 3,630 അധികം നൽകണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില. സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്ന് വില ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വില വർധിച്ചതിന് പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള ഇടിവ്. കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപയാണ് കുറഞ്ഞത്. ഒരു പവന് (എട്ട് ഗ്രാം) ഇടിഞ്ഞത് 360 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,555 രൂപയാണ്. പവന് ഈടാക്കുന്നത് 44,440 രൂപയുമാണ്. സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76 രൂപയാണ്.

സ്വർണവിലയിലെ ഏറ്റക്കുറച്ചിലിന്റെ കാരണം?

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരാൻ കാരണമായിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും സ്വർണത്തിന്റെ വില വർധിക്കാറുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും.

സ്വർണാഭരണ പ്രിയരാണ് മലയാളികൾ. എന്നാൽ, സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും ധാരണയില്ല. വില മാത്രം നോക്കി സ്വർണം വാങ്ങാൻ പോകരുത്. വില സൂചകം ആയിരിക്കില്ല സ്വർണം വാങ്ങി ബിൽ അടിക്കാൻ നേരം നൽകേണ്ടി വരിക. വില സൂചകത്തിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല.   പണിക്കൂലി കൂടി ഉൾപ്പെടുത്തിയാൽ സ്വർണത്തിന്റെ വില ഇനിയും വർധിക്കും.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഇന്ന് ഒരു പവൻ സ്വർണത്തിന് 44,440 രൂപയാണ്. എന്നാൽ, ഈ തുകയ്ക്ക് ഒരു പവൻ നിങ്ങൾക്ക് വാങ്ങാൻ കിട്ടില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി നൽകണം. ഇത് കൂടാതെ എച്ച്.യു.ഐ.ഡി ചാർജ് കൂടി നൽകണം, ഇതിന്റെ 18 ശതമാനം ജി.എസ്.ടി വേറെ. ഇപ്പോള്‍ സ്വര്‍ണാഭരണങ്ങളെല്ലാം എച്ച്.യു.ഐ.ഡി മുദ്രയുള്ളതാണ്. അതിനാലാണ് ഈ തുക പ്രത്യേകം നൽകേണ്ടതായി വരുന്നത്. ഇത്രയും ആയാൽ പകുതി സ്റ്റേജ് കഴിഞ്ഞു. പ്രധാന സ്റ്റേജ് ഇനിയാണ്. പണിക്കൂലി!

പണിക്കൂലി:

സംസ്ഥാനത്ത് സാധാരണ 5 ശതമാനം പണിക്കൂലിയാണ് ഏറ്റവും കുറവ് ഈടാക്കുന്നത്. ബ്രാന്‍ഡഡ് ആഭരണങ്ങളാകുമ്പോള്‍ അത് 20 ശതമാനത്തിന് മുകളിലുമെത്താം. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. വാങ്ങുന്ന ആഭരണത്തിനനുസരിച്ചും പണിക്കൂലിയിൽ മാറ്റം വരും.

ഇന്നത്തെ വിലയിൽ ഒരു പവൻ വാങ്ങാൻ എത്ര പണം നൽകണം?

44,440 രൂപയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി ചേര്‍ന്നാല്‍ വില 45,773.2 രൂപയായി. 45 രൂപ എച്ച്.യു.ഐ.ഡിയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേര്‍ക്കുമ്പോള്‍ (അതായത് 8.1 രൂപ) വില 45,781.3 രൂപ. ഇതിന്റെ കൂടെ ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലി ചേർക്കാം. (45,781.3 രൂപയുടെ 5 ശതമാനം=2,289.06 രൂപ). ഇതെല്ലാം കണക്കിലെടുത്താൽ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നല്‍കേണ്ട ആകെ വില 48,070.36 രൂപ. അതായത് ഒരു പവന് വില സൂചകത്തിൽ പറയുന്ന 44,440 രൂപയ്‌ക്കൊപ്പം അധികമായി 3,630 രൂപ കൂടി കരുതിയാല് നിങ്ങൾക്ക് ഒരു പവൻ സ്വർണം വാങ്ങാൻ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button