
തൃശ്ശൂർ: 87-ാം ക്ഷേത്രപ്രവേശന വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായയോ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന് പോകില്ലെന്നും നോട്ടീസ് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസില്‍ നൂറ്റാണ്ടുകളായി ചേര്‍ന്നിരിക്കുന്ന ജാതി ചിന്ത ഒരുദിവസം കൊണ്ട് പറിച്ചുകളയാന്‍ പറ്റുമോ? ആ ചിന്ത ആളുകള്‍ക്ക് പലപ്പോഴും തികട്ടിവരും. സമൂഹത്തില്‍ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച ആളുകളുടെ ബുദ്ധി ഇന്നത്തെ മോസ്റ്റ് മോഡേണ്‍ ടെക്നോളജിയെ തോല്‍പ്പിക്കാനാകുന്ന വിധത്തിലുള്ള ബുദ്ധിയാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും നോട്ടിസ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് നോട്ടീസ്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറയുന്നത്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചത്.
Post Your Comments