KeralaLatest News

നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച വഴിയോര കച്ചവടക്കാരിക്കെതിരെയും ഭീഷണിപ്പെടുത്തിയ സിഐടിയു നേതാക്കൾക്കെതിരെയും കേസ്

ചെങ്ങന്നൂർ: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സി പിഎം നേതാക്കൾക്കെതിരെയും കേസെടുത്തു. പാൽ ഒഴിച്ച സംഭവത്തിൽ തിട്ടമേൽ മോഴിയാട്ട് രാഖിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്.

നഗരസഭാ ഓഫിസിന് മുന്നിലെ നടപ്പാത കയ്യേറി രാഖി ചായക്കച്ചവടം നടത്തിയിരുന്നത് ഒഴിപ്പിക്കാനെത്തിയ ഹെൽത്ത് സൂപണ്ട് സി. നിഷയുടെ നേതൃത്വത്തിലുളള സംഘത്തിന് നേരെയാണ് ശനിയാഴ്ച വൈകിട്ട് അതിക്രമമുണ്ടായത് . ഇതിനു പിന്നാലെ തിളച്ച എണ്ണ ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും പോലീസ് ഇടപെട്ടു സ്ഥിതി നിയന്ത്രണവിധേയമാക്കി.

ഇതിനിടെ വെള്ളിയാഴ്ച വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ എം.കെ.മനോജ്, നഗരസഭാ വഴിയോരക്കച്ചവട നിയന്ത്രണ കമ്മിറ്റി അംഗം അനീഷ്കുമാർ (അമ്പിളി), പി.രഞ്ജിത്ത്, സുധി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

അതേസമയം ഇന്നലെ ഷൈനി ഏബ്രഹാം റോഡിൽ വഴിയോരക്കച്ചവടം ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമം പരാജയപ്പെട്ടു. നാടോടികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും വൈകാതെ ഇവർ തിരികെയെത്തി. വീതി കുറവുള്ള റെയിൽവേ സ്റ്റേഷൻ റോഡിലും ഷൈനി ഏബ്രഹാം റോഡിലും ശബരിമല തീർഥാടനകാലത്ത് വഴിയോരക്കച്ചവടം നിരോധിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button