Latest NewsKeralaNews

‘നീ കുപ്പത്തൊട്ടിയിൽനിന്ന് വന്നതല്ലേ’; ഭർത്താവിന്റെ ഉമ്മ കടിച്ചുപറിച്ചു- ആരോപണവുമായി ഷഹാനയുടെ ബന്ധുക്കൾ

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം. വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി (23) യാണ് ജീവനൊടുക്കിയത്. ഒന്നര വയസുള്ള കുഞ്ഞിനെ ഭര്‍ത്താവ് ബലമായി എടുത്ത് കൊണ്ട് പോയതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.

ഷഹാനയെ ഭർതൃമാതാവ് ദിവസവും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഒരിക്കൽ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഷഹാനയ്ക്ക് ഭർതൃവീട്ടിൽ നിന്നും മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഒരിക്കല്‍ ഷഹാനയുടെ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളില്‍ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭര്‍തൃമാതാവും തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് ഭര്‍തൃമാതാവ് ഷഹാനയെ മര്‍ദിച്ചെന്നും കടിച്ചുപരിക്കേല്‍പ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

‘ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭര്‍ത്താവ് മിണ്ടാതിരിക്കും. കോവിഡ് സമയത്തായിരുന്നു കല്യാണം. പെണ്‍കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് അവരാണ് ആലോചനയുമായി ഇങ്ങോട്ട് വന്നത്. എന്നാല്‍, ഭര്‍ത്താവിന്റെ സഹോദരന്റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയെ ഭര്‍തൃവീട്ടുകാര്‍ക്ക് വേണ്ടാതായി. നീ കുപ്പത്തൊട്ടിയില്‍നിന്ന് വന്നതല്ലേ, നീ പാവപ്പെട്ട വീട്ടിലെയാണ് എന്നെല്ലാമാണ് ഭര്‍ത്താവിന്റെ മാതാവ് ഷഹാനയോട് പറഞ്ഞിരുന്നത്. എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും എന്തുവേണമെങ്കിലും തരാമെന്നും അവര്‍ പറഞ്ഞിരുന്നു. മകനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിക്കണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്’, ഷഹാനയുടെ പിതൃസഹോദരി ആരോപിച്ചു.

മൂന്ന് വര്‍ഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹ്നയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഷഹാന. ഭര്‍ത്താവിന്റെ അനുജന്റെ മകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പോകാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ ഇന്നലെ ഭര്‍ത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാല്‍ പോകാന്‍ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് പോകുകയായിരുന്നു. പിന്നാലെ യുവതി മുറിയില്‍ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാല്‍ വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button