KeralaLatest NewsNews

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: 2 നഴ്സുമാരും 2 ഡോക്ടർമാരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്

കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹ‍‍ർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ കോളേജ് പൊലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. കേസിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. കേസിൽ 60 സാക്ഷികളാണുള്ളത്.

പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹ‍‍ർഷിന സമരസമിതി ഹൈക്കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എസിപി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്ട പരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണമാകുന്നുള്ളൂവെന്നും ഹർഷിന പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button