Latest NewsIndia

കാശി കൂടാതെ മോദി മത്സരിക്കുക രാമേശ്വരത്തോ കന്യാകുമാരിയിലോ? ഇത്തവണ ‘തീസരി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന വാക്യം

ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി. ഈ മാസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 15ന് ശേഷം സ്ഥാനാർത്ഥികളെ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. മകര സംക്രാന്തി കഴിയുന്ന മുറക്ക് അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് ദേശീയ നേതൃത്വം അം​ഗീകാരം നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മേൽക്കൈനേടുകയെന്ന തന്ത്രമാണ് ബിജെപി പയറ്റാനൊരുങ്ങുന്നത്. 400 സീറ്റ് ലക്ഷ്യമിട്ട് ‘തീസരി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ’ എന്നതാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം. നിയമസഭാ തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ രീതിയിൽ കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങളെ ഇക്കുറി മത്സരത്തിനിറക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്കുപുറമേ തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിൽനിന്നുകൂടി മത്സരിച്ചേക്കുമെന്ന് പാർട്ടി സൂചനനൽകി. കാശിയുമായി (വാരാണസി) പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിർത്തിപങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങളാണ് ചർച്ചയിലുള്ളത്. മോദിയുടെ സ്ഥാനാർഥിത്വം ജനങ്ങൾക്കിടയിൽ ചർച്ചയാണെന്ന് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാനഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2014-ൽ മോദി വഡോദര, വാരാണസി എന്നീ രണ്ടുമണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. 2019-ൽ വാരാണസിയിൽമാത്രമാണ് മത്സരിച്ചത്.

ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രയോഗിക്കും. ഉൾപ്പാർട്ടിപ്രശ്നങ്ങൾ, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്നങ്ങൾ, സിറ്റിങ് എം.പി.മാർക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളിൽ പുതുമുഖങ്ങൾക്ക് മുൻഗണനനൽകും. രണ്ടിൽ കൂടുതൽ തവണ എം.പി.യായവർ, പ്രകടനം മികച്ചതല്ലാത്തവർ തുടങ്ങിയവരെയും ഒഴിവാക്കും.

കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിർമലാ സീതാരാമൻ, ഹർദീപ് സിങ്പുരി, എസ്. ജയ്ശങ്കർ, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രാമുഖ്യം നൽകാനും തീരുമാനമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

വനിതാസംവരണനിയമം, വനിതകൾക്കുള്ള ക്ഷേമപദ്ധതികൾ, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികൾ സ്ത്രീവോട്ടർമാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. സ്ത്രീകൾ, യുവാക്കൾ, കർഷകർ, പാവപ്പെട്ടവർ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. പൗരത്വനിയമം, രാമക്ഷേത്രം, ഏക സിവിൽകോഡ് എന്നീ വിഷയങ്ങളായിരിക്കും തുറുപ്പുചീട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button