ഡോർമിറ്ററിയിലേക്ക് ആളിപ്പടർന്ന് തീ, ബോർഡിംഗ് സ്കൂളിലെ 13 കുട്ടികൾ വെന്തുമരിച്ചു

തീപ്പിടിത്തം ഉണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോർമിറ്ററിയിൽ ഉണ്ടായത്

ബെയ്ജിങ്: മധ്യ ചൈനയിലെ ബോർഡിംഗ് സ്കൂളിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 13 കുട്ടികൾ വെന്തുമരിച്ചു. സ്കൂൾ ഡോർമിറ്ററിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഹെനാൻ പ്രവിശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിങ് കായ് സ്കൂളിലാണ് അപകടം നടന്നത്. നഴ്സറി, പ്രൈമറി ക്ലാസ് കുട്ടികൾക്കായുള്ള സ്കൂളാണ് യിങ് കായ്. ആഴ്ചയുടെ അവസാന ദിനമായതിനാൽ നഴ്സറി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയിരുന്നു.

തീപ്പിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തീപ്പിടിത്തം ഉണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോർമിറ്ററിയിൽ ഉണ്ടായത്. ബാക്കിയുള്ള മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഫയർഫോഴ്സിന് സാധിച്ചു. മരിച്ച കുട്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ, തീപ്പിടിത്തത്തിന്റെ കാരണങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, സ്കൂൾ അധികൃതരിൽ ഒരാൾ പോലീസ് കസ്റ്റഡിയിലാണ്.

Also Read: പ്രസവം നിര്‍ത്താൻ ശസ്ത്രക്രിയ: ആലപ്പുഴയില്‍ യുവതി മരിച്ചു, ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

Share
Leave a Comment