Latest NewsIndia

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ അടക്കം 8 മന്ത്രിമാർ

പട്ന: ബിഹാർ എൻഡിഎയുടെ നേതാവായി നിതീഷ്‌ കുമാറിനെ തിരഞ്ഞെടുത്തു. ബിഹാറില്‍ ബിജെപി – ജെഡിയു – എൻഎച്ച്എം സഖ്യസർക്കാരാണ് അധികാരത്തിൽ വരുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. ബിജെപിയിൽ‌നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാകും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് പുറമേ ആറ്‌ മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.

ബിജെപിയില്‍നിന്ന് ഒരാളും ജെഡിയുവില്‍നിന്ന് മൂന്ന് പേരും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയില്‍നിന്ന് ഒരാളും മന്ത്രിയാവും. മറ്റൊരു സ്വതന്ത്ര എം.എല്‍.എക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ ഡോ. പ്രേംകുമാര്‍, ജെഡിയു എം.എല്‍.എമാരായ വിജേന്ദ്ര യാദവ്, വിജയ് ചൗധരി, ശ്രാവണ്‍ കുമാര്‍, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ സന്തോഷ് സുമന്‍, സ്വതന്ത്ര എം.എല്‍.എ. സുമിത് സിങ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാർ മുന്നണി മാറിയിട്ടുണ്ട്. എന്നാൽ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചു.

അതേസമയം, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിഹാറിൽ നടന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് താരിഖ് അൻവറിന്റെ പ്രതികരണം. ഒരാളെ വിവാഹം കഴിച്ച് മറ്റൊരാളുമായി ബന്ധം പുലർത്തുന്നതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയമെന്നും താരിഖ് അൻവർ പരിഹസിച്ചു. നിതീഷ് കുമാറിന്റെ വഞ്ചനയ്ക്ക് ജനങ്ങൾ ഒരിക്കലും മാപ്പു നൽകില്ല. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് നിറംമാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണ് അദ്ദേഹമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.

‘‘ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനായി ഒരു രാഷ്ട്രീയ നാടകം കളിക്കുകയാണ് നിതീഷ് കുമാർ ചെയ്തത്. വൈകാതെ തന്നെ യാത്ര ബിഹാറിലെത്തും. പ്രധാനമന്ത്രിയും ബിജെപിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ഭയപ്പെടുകയാണ്. മുന്നോട്ടുള്ള യാത്രയിൽ സ്പീഡ് ബ്രേക്കറുകൾ സ്വാഭാവികമാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കർ പോലെ മാത്രമേ കാണുന്നുള്ളൂ. ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് നിറംമാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണ്’’– ജയറാം രമേഷ് പറഞ്ഞു.

നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേരുമെന്ന് മുന്‍പു തന്നെ അറിയാമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയും പ്രതികരിച്ചു. ‘‘ഇന്ത്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അറിഞ്ഞിട്ടും നിശബ്ദത പാലിച്ചത്. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പു നൽകിയിരുന്നു. അത് യാഥാർഥ്യമായി’’– ഖർഗെ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button