Latest NewsNewsIndia

ഏക സിവില്‍ കോഡ്: ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് നിയമം കൊണ്ടുവന്ന് ഉത്തരാഖണ്ഡ്

ഇനി തോന്നുംപോലെ പങ്കാളിയെ ഉപേക്ഷിച്ച് പോകാനാകില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡിന് അംഗീകാരം ലഭിച്ചതോടെ പുതിയ ചില വ്യവസ്ഥകളും നിയമങ്ങളും നിലവില്‍ വന്നു. ഇതില്‍ ഏറ്റവും പ്രധാനമായത്, ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ്. സംസ്ഥാന നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ഏക സിവില്‍ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: 53 വർഷത്തെ പോരാട്ടം: യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദുക്കള്‍ക്ക് നല്‍കി കോടതി ഉത്തരവ്

ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാര്‍ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കിലും നിയമം ബാധകമാവും.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കില്‍ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പങ്കാളികളില്‍ ഒരാള്‍ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലോ ഉള്ള ആളായിരിക്കുക, പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകള്‍ വ്യാജമായോ തട്ടിപ്പിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്.

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാന്‍ ഒരു വെബ്‌സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാര്‍ പരിശോധിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തിയായിരിക്കും അംഗീകാരം നല്‍കുക. അന്വേഷണത്തിനായി ഉദ്യോഗസ്ഥന് പങ്കാളികളില്‍ ഒരാളെയോ രണ്ട് പേരെയുമോ മാതാപിതാക്കളെയോ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനും അധികാരമുണ്ടാവും. രജിസ്‌ട്രേഷന്‍ നിഷേധിച്ചാല്‍ അക്കാര്യം ഉദ്യോഗസ്ഥന്‍ രേഖാമൂലം അറിയിക്കണം. കാരണങ്ങളും വിശദീകരിക്കണം.

ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നുന്നപക്ഷം രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളാണെങ്കില്‍ രക്ഷിതാക്കളെയും അറിയിക്കാം.

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് മൂന്ന് മാസം തടവോ 25,000 രൂപയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്.

ലിവിങ് ടുഗെതര്‍ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെ വിവാഹ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെപ്പോലെ തന്നെ കണക്കാക്കുമെന്നും അവര്‍ക്ക് സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഉണ്ടാവുമെന്നും നിയമത്തിലുണ്ട്. ലിവിങ് ടുഗെതര്‍ പങ്കാളി ഉപേക്ഷിച്ചു പോകുന്ന സ്ത്രീയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button