Latest NewsIndiaNews

മൂന്ന് പേർക്ക് കൂടി ഭാരത് രത്ന: പുരസ്‌കാരത്തിന് അർഹരായി എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിങ്

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ് എന്നിവർക്കും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥനുമാണ് ഭാരത് രത്ന ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. മരണാനന്തര ബഹുമതിയായാണ് മൂന്ന് പേർക്കും പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

‘നമ്മുടെ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരത് രത്ന നൽകി ആദരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളിൽ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോളവിപണിയിലേക്ക് തുറന്നുകൊടുത്ത സുപ്രധാന നടപടികളാൽ അടയാളപ്പെടുത്തി. സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗം അദ്ദേഹം വളർത്തിയെടുത്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൃഷിയിലും കർഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ എം എസ് സ്വാമിനാഥന് ഭാരത് രത്ന നൽകി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും ഇന്ത്യൻ കാർഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർഷകരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ചൗധരി ചരൺ സിങ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും എംഎൽഎ ആയിരുന്നപ്പോഴും അദ്ദേഹം രാഷ്ട്രനിർമിതിയ്ക്ക് പ്രചോദനമായി. അടിയന്തരാവസ്ഥയ്ക്കെതിരേ അദ്ദേഹം നിലകൊണ്ടു. കർഷക സഹോദരങ്ങൾക്കും സഹോദരിമാർക്കുമായി അദ്ദേഹം നടത്തിയ ആത്മസമർപ്പണം പ്രചോദനകരമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button