KeralaLatest NewsNews

’15 ലക്ഷം ലോണെടുത്ത് ഉണ്ടാക്കിയ വീടാ മോനേ… പകുതി പോലും ആയിട്ടില്ല’: കണ്ണീരിൽ വീട്ടമ്മ

നാടിനെ നടുക്കി ഉഗ്ര സ്ഫോടനം. വമ്പൻ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ടെ നാട്ടുകാർ. പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം നടന്നു. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍. ഭൂമി കുലുങ്ങും പോലെ തോന്നി. എന്താണെന്ന് തിരിച്ചറിയും മുമ്പ് നിലവിളി ശബ്ദം തുടങ്ങി. ടൗണിൽ പോയവർ ഉറ്റവരുടെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്.

‘ഞാൻ ഉണ്ടായിരുന്നില്ല, ജോലിക്ക് പോയതായിരുന്നു. മകൻ കരഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു. നമ്മുടെ വീട് മൊത്തം പോയെന്ന് പറഞ്ഞു. ഞാൻ വന്നപ്പോൾ ഇതാണ് കാണുന്നത്. ഞങ്ങൾ എന്തോരം കഷ്ടപ്പെട്ടിട്ടാ… ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു വീട് എങ്ങനെ ഉണ്ടാക്കാനാ? 15 ലക്ഷം ലോൺ എടുത്ത് പണിത വീടാണ്. പകുതി പോലും ആയിട്ടില്ല. കൂലിപ്പണിയാണ്. തെണ്ടിയാണ് എല്ലാ മാസവും ബാങ്കിൽ പൈസ അടയ്ക്കുന്നത്. എന്ത് കഷ്ടപ്പെട്ടിട്ട് ഉണ്ടായ വീട് ആരാണെന്നറിയാമോ?’, കണ്ണീരോടെ സമീപത്തെ ഒരു വീട്ടമ്മ. 24 ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. സമാന കഥയാണ് ചൂരക്കാട്ടെ പലർക്കും പറയുവാനുള്ളത്.

‘ഞാൻ ടൗണിൽ ആയിരുന്നു. അപ്പോഴാണ് അമ്മ ഫോണിൽ വിളിക്കുന്നത്. ചോരയിൽ കുളിച്ച് കിടക്കുവാണെന്നും ഉടൻ ഓടി വരാനും അമ്മ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ഓടിയെത്തിയപ്പോൾ സ്ഫോടനത്തിൽ പരിക്ക് പറ്റി കിടക്കുന്ന അമ്മയെ ആണ് കാണുന്നത്’, യുവാവ് പറയുന്നു.

കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പ്രദേശവാസികൾ കരകയറിയിട്ടില്ല. ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചേക്കാമെന്നാണ് ആശങ്ക. ഉത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതിൽ നാല് വീടുകളുടെ മേൽക്കൂര തകർന്നു. മൂന്ന്, നാല് കിലോമീറ്റർ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button