KeralaLatest News

കേരളത്തിൽ ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചു, ഇനി പരീക്ഷണം മനുഷ്യമൂത്രത്തിൽ

പാലക്കാട്: ​ഗോമൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിലാണ് ​ഗോമൂത്രത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ​ഗോമൂത്രത്തിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് ​ഗവേഷകർ.

ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദിൽ നടന്ന ഇൻവെന്റീവ് മേളയിൽ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ​ഗവേഷണം നടക്കുന്നത്.

ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.

പത്തെണ്ണമുള്ള ഒരു സെറ്റിൽനിന്ന് ശരാശരി 1.5 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈൽഫോൺ, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എൽ.ഇ.ഡി. വിളക്കുകൾ കത്തിക്കുന്നുമുണ്ട്. മനുഷ്യമൂത്രമുപയോഗിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചാൽ ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, സിനിമാതിയേറ്ററുകൾ എന്നിവിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button