KeralaLatest News

ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടെ കഞ്ചാവ് കടത്തൽ: സംഘം എക്‌സൈസിന്റെ പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടയിൽ പരിശോധനകൾ ഉണ്ടാകില്ലെന്ന ധൈര്യത്തിൽ ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 30 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ്. ഒഡിഷയിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന പത്മചരൺ ഡിഗാൽ, ഡിബാഷ് കുമാർ കൺഹാർ എന്നീ ഒഡിഷ സ്വദേശികളും ഇവരിൽനിന്ന് കഞ്ചാവ് കൈപ്പറ്റാൻ എത്തിയ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചൽ സ്വദേശി ആദിത്യൻ എന്നിവരുമാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം റെയ്‌ഞ്ച് സംഘത്തിന്റെയും അന്വേഷണത്തിൽ പിടിയിലായത്.

പരിശോധനകളുണ്ടാവില്ലെന്ന ധൈര്യത്തിലിവർ തമ്പാനൂരിൽ വെച്ചുതന്നെ കഞ്ചാവ് കൈമാറുകയായിരുന്നു. മയക്കുമരുന്ന്‌, കൊലപാതകക്കേസുകളിലെ പ്രതിയായ റെജി ജോർജിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒഡിഷയിൽ ബന്ധങ്ങളുള്ള റെജി മാസത്തിൽ രണ്ടും മൂന്നും തവണ കഞ്ചാവ് വരുത്താറുണ്ടെന്ന് അറസ്റ്റിനു നേതൃത്വം നൽകിയ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.അനികുമാർ പറഞ്ഞു. ചെറുകിട കച്ചവടക്കാർക്കായി കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാളാണ് റെജി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടുനിന്നുതന്നെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അംഗങ്ങൾ തീവണ്ടിയിൽ കയറി. കന്യാകുമാരി സ്‌പെഷ്യൽ ഫെയർ സൂപ്പർ ഫാസ്റ്റ് എക്‌സ്‍പ്രസിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതേ തീവണ്ടിയിൽ പാലക്കാട്ടേക്കു കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി മറ്റൊരു സംഘത്തെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

കഞ്ചാവ് വാങ്ങാനെത്തുന്നവരെക്കൂടി കുടുക്കാനാണ് ഇവരെ പിന്തുടർന്നത്. തമ്പാനൂരിൽ ഇറങ്ങി റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന റെജിക്കും സംഘത്തിനും കഞ്ചാവ് കൈമാറുമ്പോഴാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button