KeralaLatest NewsNews

ക്യുആർ കോഡ്: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആൻഡ് ട്രെയ്സ് സൗകര്യമാണ്. മദ്യ വിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉൽപ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇൻവെന്ററി മാനേജ്‌മെന്റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂർണമായും തത്സമയം അധികൃതർക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നു. ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയർഹൌസിൽ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നത് എന്നുമെല്ലാം അറിയാൻ കഴിയും.

ഉൽപ്പന്നത്തിന്റെ ആധികാരികത ഓരോ ഉപഭോക്താവിനും പരിശോധിച്ച് ഉറപ്പിക്കാനുള്ള സംവിധാനമൊരുക്കുക വഴി വിൽപ്പനയിലെ സുതാര്യത വർധിക്കുന്നു. നികുതി വെട്ടിപ്പ് പൂർണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ഹോളോഗ്രാം സി ഡിറ്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തിൽ ബിവറേജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എ കെ എന്നിവർ ഒപ്പുവെച്ചു. സിഡിറ്റ് ഡയറക്ടർ ജയരാജ് ജിയും പങ്കെടുത്തു. നിലവിൽ സംവിധാനത്തിന്റെ ട്രയൽ റൺ നടക്കുകയാണ്. പൂർണതോതിൽ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളിൽ പതിച്ചുതുടങ്ങും.

പുതിയ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മൊത്തം മദ്യവിൽപ്പനയുടെ തൽസ്ഥിതി തത്സമയം അറിയാനാവും. ഓരോ ദിവസവും ആകെ കച്ചവടം, ഏതൊക്കെ ഷോപ്പുകളിൽ എത്ര, ഓരോ ബ്രാൻഡും എത്ര വിൽപ്പന തുടങ്ങി എല്ലാ വിശദാംശങ്ങളും ഒറ്റ ക്ലിക്കിൽ അധികാരികൾക്ക് അറിയാനാവുന്ന സംവിധാനവും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. ഇത്രയും വിപുലമായ നിരീക്ഷണ സംവിധാനം രാജ്യത്ത് തന്നെ അപൂർവമാണ്. നിർമ്മാണത്തിൽ നിന്ന് പുറത്തുവരുന്ന ഓരോ മദ്യക്കുപ്പിയുടെയും എക്‌സൈസ് തീരുവ കണ്ടെത്തുക, ഡ്യൂട്ടി അടയ്ക്കാത്ത മദ്യം നിർമ്മാണത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പ്രവണത തടയുക എന്നിവയാണ് ട്രാക്ക് ആൻഡ് ട്രെയ്സ് സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം.

ബോട്ടിലിംഗ് പ്ലാന്റ് മുതൽ വെയർഹൗസുകൾ വരെയുള്ള ഓരോ കുപ്പിയിലും ഹോളോഗ്രാമും ക്യുആർ കോഡും ഘടിപ്പിച്ച് മദ്യത്തിന്റെ ഗതി ട്രാക്ക് ചെയ്യുകയും കണ്ടെത്തുകയും സാധ്യമാകും. അതായത് മുഴുവൻ വിതരണ ശൃംഖലയും നിരീക്ഷിക്കാൻ എക്സൈസ് വകുപ്പിന് കഴിയും. ഇതുവഴി നികുതിവെട്ടിപ്പ് പൂർണമായും ഇല്ലാതാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാതാക്കൾ, ഇറക്കുമതി സേവനദാതാക്കൾ, വിതരണക്കാർ, മൊത്ത വില്പനക്കാർ, ചെറുകിട വിതരണക്കാർ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ എന്നിവർ നികുതി നിർണയ സംവിധാനത്തിന്റെ കണ്ണിയിൽ ഉൾപ്പെടും. ഈ ഓരോ കക്ഷിക്കും ഏതു സമയത്തും മദ്യത്തിന്റെ ഗുണമേന്മ പരിശോധിക്കാനും അറിയിയാനുമുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ മറ്റ് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗ സാധ്യത പൂർണമായും ഒഴിവാക്കാനാവും. വ്യാജ ലേബൽ സംബന്ധിച്ച എല്ലാ സാധ്യതകളും പുതിയ ഹോളോഗ്രാം പൂർണമായി ഇല്ലാതാക്കുന്നു. ടാഗന്റിലെ മോളിക്യൂൾ അലാം, യുവി ലൈറ്റ് തുടങ്ങി പഴുതടച്ച സുരക്ഷാ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കറൻസിയിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിലൂടെ വ്യാജലേബൽ പോലുള്ള തട്ടിപ്പുകൾ പൂർണമായി അവസാനിപ്പിക്കാനാവും.

വ്യാജമദ്യമാണോ എന്ന് പരിശോധിക്കാൻ ഹോളോഗ്രാം മാനുവലായി വായിച്ച് നോക്കുകയായിരുന്നു ഇതുവരെയുള്ള രീതി. പുതിയ സംവിധാനത്തിലൂടെ യന്ത്രസഹായം ഉപയോഗിച്ച് എളുപ്പത്തിൽ കൂടുതൽ വിശദാംശങ്ങൾ എക്സൈസ് സേനയ്ക്ക് തത്സമയം അറിയാനാവും. മദ്യവിൽപ്പന ശാലകളിൽ വ്യാജമദ്യം സംബന്ധിച്ച പരിശോധനകളിൽ എക്സൈസ് സേനയ്ക്ക് സ്റ്റോക്ക് രജിസ്റ്റർ മാന്വൽ ആയി പരിശോധിക്കേണ്ടിവരുന്ന സ്ഥിതിക്കും ഈ സംവിധാനം പരിഹാരം കാണും.

മദ്യക്കുപ്പി സ്‌കാൻ ചെയ്യുന്നതിലൂടെ തന്നെ മുഴുവൻ വിശദാംശങ്ങളും അറിയാനാവും. തത്സമയ ട്രാക്കിംഗിനും നിരീക്ഷണത്തിനുമായി എക്സൈസ് വകുപ്പിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെർമിറ്റിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ, എൻഫോഴ്‌സ്‌മെന്റ് ടീമിന് പെർമിറ്റിന്റെയും പെർമിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉൽപ്പന്നങ്ങളുടെയും ആധികാരികത പരിശോധിക്കാൻ കഴിയും. ഉൽപ്പന്നങ്ങളുടെ സ്ഥിതി തത്സമയം നിരീക്ഷിക്കാൻ ഇത് സഹായിക്കും. മോഷണം, കേടുപാടുകൾ അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ എന്നിവ കണ്ടെത്താനും ഉൽപ്പന്നങ്ങളുടെ സ്ഥാനവും അവസ്ഥയും ഏത് സമയത്തും ട്രാക്ക് ചെയ്യാനും ഇത് എക്സൈസിനെ പ്രാപ്തരാക്കുന്നു. 2002 മുതൽ സി-ഡിറ്റ് നൽകി വരുന്ന 15 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത ഹോളോഗ്രാമിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പാണ് 30 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത് നിലവിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button