KeralaLatest News

സരിതയുടെ ഭർത്താവ് 10വർഷം മുമ്പ് മരിച്ചു, ബിനുവുമായി ഏറെനാളത്തെ പരിചയം, തന്നെ വിളിച്ചുവരുത്തി പെട്രോളൊഴിച്ചെന്ന് ബിനു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയേയും ആൺസുഹൃത്തിനെയും പെട്രോളൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ചെങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂളിന് സമീപം സോമസൗതം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ ഭാര്യ സരിത (46),ഇവരുടെ സുഹൃത്ത് ചെല്ലമംഗലം പ്‌ളാവില വീട്ടിൽ ബിനു (50) എന്നിവർക്കാണ് കഴിഞ്ഞ രാത്രിയിൽ പൊള്ളലേറ്റത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബിനു. സരിതയുടെ ഭർത്താവ് പത്തുവർഷം മുമ്പാണ് മരിച്ചത്. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ട്. സരിതയെ പെട്രൊളൊഴിച്ച് കത്തിച്ച ശേഷം ബിനു സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ, യുവതി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് ബിനു നൽകിയിരിക്കുന്ന മൊഴി.ഇരുവർക്കും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്ടീവ സ്‌കൂട്ടറിലാണ് ബിനു സരിതയുടെ വീട്ടിലെത്തിയത്. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ സരിതയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് ബിനു കത്തിക്കുകയുമായിരുന്നു. തുടർന്ന് ബനു സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്. ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്.

അതേസമയം, സരിതയുടെ ടൂ വീലറിൽ പെട്രോൾ തീർന്നതിനാൽ തന്നോട് അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പൊലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോൾ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനു പറഞ്ഞു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ബിനുവിന്റെ സ്‌കൂട്ടറിൽ നിന്ന് വെട്ടുകത്തി, മണൽ കലർത്തിയ മുളുകുപൊടി എന്നിവ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button