Latest NewsIndiaDevotional

ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?

നവരാത്രി കാലം ആദിപരാശക്തിയുടെ ഒന്‍പത് ഭാവങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുവാനുള്ള വേളയാണ്.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ…(ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്‌ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്‌പ്പോഴും എനിക്ക് വൈദഗ്ധ്യം നൽകേണമേ…)

നവരാത്രി കാലം ആദിപരാശക്തിയുടെ ഒന്‍പത് ഭാവങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിയ്ക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം.കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലം. അവിദ്യയുടെ തമസ്സകറ്റി മനസ്സുകളെല്ലാം വിദ്യകൊണ്ട് പ്രഭാപൂരിതമാകുന്നു.

ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചു പൂജയും ഉപാസനയും നിര്‍വ്വഹിക്കാറുണ്ട്. നവരാത്രി വ്രതം പ്രഥമമുതല്‍ ആരംഭിക്കുന്നു. വ്രതം ആരംഭിക്കുന്നതിനു ചില ചിട്ടവട്ടങ്ങളുണ്ട്. മുതിര്‍ന്നവര്‍ നാലാംയാമത്തില്‍ ഉണര്‍ന്നു ദൈനംദിനകൃത്യങ്ങള്‍ക്കുശേഷം ഏഴുതിരിയിട്ട വിളക്കുകൊളുത്തി നാമം ജപിക്കണം.

ലളിതാസഹസ്രനാമവും ചൊല്ലുന്നത് നല്ലതാണ്. വ്രതം എടുക്കുമ്പോള്‍ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും ശ്രദ്ധയുണ്ടാവണം. അരിഭക്ഷണം ഒരുനേരം മാത്രമാക്കുക. ഒരുനേരം ഫലമൂലാദികളാവണം. മുട്ട, മത്സ്യം, മാംസം എന്നിവ വര്‍ജ്ജിക്കുക.വിദ്യാരംഭം കുറിക്കാന്‍ പോകുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും വ്രതമെടുക്കുന്നത് നല്ലതായിരിക്കും. ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. ദേവപ്രീതിയിലൂടെ സര്‍വ്വൈശ്വര്യത്തിനും നവരാത്രി വ്രതം കാരണമാകുന്നു. ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി.

ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്.

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, കാളികാ പുരാണം, മാർക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ദുർഗ്ഗാഷ്ടമി
ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.

മഹാനവമി
പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ ഐശ്വര്യദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.

വിജയ ദശമി
കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ – വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദുർഗ്ഗയുടെ വിജയ സൂചകമായ ഈ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു. അന്ന് പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button