Latest NewsDevotional

അത്താഴ പൂജക്ക്‌ ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം: പത്നീസമേതനായ ശാസ്താവ് കുടികൊള്ളുന്നു

ആരണ്യശാസ്താക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ദേവാലയമാണ് അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്‍സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം. എന്നാല്‍ ഒരു തീര്‍ഥാടനകേന്ദ്രമെന്നനിലയില്‍ മലയാളികളേക്കാള്‍ തമിഴ്‌നാട്ടിലുള്ള ഭക്തന്‍മാരെയാണ് ഇവിടം കൂടുതല്‍ ആകര്‍ഷിച്ചുവരുന്നത്. ആരണ്യശാസ്താക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്.

പത്‌നീസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ നടന്നത് കൊല്ലവര്‍ഷം 1106 മകരം 12നാണ്.
വിഷഹാരിയാണ് അച്ചന്‍കോവില്‍ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സര്‍പ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവര്‍ക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോള്‍ വേണമെങ്കില്‍ പോലും സഹായമഭ്യര്‍ത്ഥിക്കാം.

വിഷമേറ്റു വരുന്നവര്‍ക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ച് നല്‍കും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേര്‍ക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോള്‍ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂര്‍ണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.

കേരളത്തില്‍ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചന്‍കോവില്‍. ക്ഷേത്രനടയില്‍ അലങ്കരിച്ചു നിര്‍ത്തിയ രഥത്തിലേക്ക് പന്ത്രണ്ട് മണിയോടെ മണിമുത്തയ്യനെ (അയ്യപ്പന്‍) എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. രഥത്തിനിരുവശവും കെട്ടിയ ചൂരല്‍വള്ളി ഭക്തര്‍ കൈകളിലേന്തി മന്ത്രധ്വനിയും ശരണം വിളികളും കുരവയും ഉയര്‍ത്തും. കാന്തമലയില്‍നിന്ന് അയ്യപ്പന്‍ കൊടുത്തയച്ച തങ്കവാളും കൈകളിലേന്തി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന്നിലും പിന്നിലായി കറുപ്പനും, കോന്നിയില്‍ നിന്നെത്തിച്ച അന്നക്കൊടിയും ഉണ്ടാകും. ഏറ്റവും ഒടുവില്‍ രഥത്തില്‍ അയ്യപ്പന്‍ സഞ്ചരിക്കും. ക്ഷേത്രത്തിനു ചുറ്റുമായുള്ള രഥവീഥിക്കിരുവശവും സമീപത്തെ മരങ്ങള്‍ക്ക് മീതെയും ഭക്തര്‍ നിരക്കും.

പടിഞ്ഞാറെ നടയിലെ അമ്മന്‍ കോവിലിലെത്തുേേമ്പാള്‍ കറുപ്പന്‍ ഉറഞ്ഞുതുള്ളും. വടക്കെ നടയിലെത്തുമ്പോള്‍ രഥം മൂന്നുതവണ അങ്ങോട്ടുമിങ്ങോട്ടും വലിക്കും. അയ്യപ്പനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായും എന്നാല്‍ നാട്ടുകാര്‍ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നതായുമുള്ള ഐതിഹ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. ക്ഷേത്രത്തിന് മുന്നില്‍ ഒരു വലം വക്കുന്നതോടെ എഴുന്നള്ളത്ത് അവസാനിക്കും. പത്തനാപുരം അലിമുക്കില്‍ നിന്നും ക്ഷേത്രത്തിലേക്ക് വനത്തിലൂടെ പാതയുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശിവഴിയും ക്ഷേത്രത്തിലെത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button