KeralaLatest NewsNews

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം: അച്ഛനമ്മമാരുടെ ക്ഷേമത്തിന് ഒരു കോടി കൈമാറി

അന്തേവാസികളുടെ ഭക്ഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമായി തുക വിനിയോഗിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍

കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമാണ് തുക കൈമാറിയത്.

ആയിരത്തിമുന്നൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ ഹോണറേറിയം, മറ്റു ചെലവുകള്‍ അടക്കം പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. ഭക്ഷണവും ചികിത്സയും മുടക്കമില്ലാതെ തുടര്‍ന്ന് പോകുന്നതിനാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും യൂസഫലി നല്‍കി വരുന്നത്. ഈ തുകയില്‍ നിന്ന് ഗാന്ധിഭവന് ഭൂമി വാങ്ങുന്നതിനടക്കം ചെലവഴിച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഗാന്ധിഭവന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം റംസാൻ കാലയളവിൽ ആശ്വാസമാകുന്നതു കൂടിയാണ് ഇപ്പോഴത്തെ സഹായം. നിലവില്‍ ആറര ഏക്കറോളം ഭൂമി ഗാന്ധിഭവന് സ്വന്തമായി വാങ്ങാന്‍ കഴിഞ്ഞു. ഇനി കടബാധ്യതയുണ്ടാകില്ലെന്നും യൂസഫലി നല്‍കുന്ന തുക അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമായി വിനിയോഗിക്കുമെന്നും പുനലൂര്‍ സോമരാജന്‍ വ്യക്തമാക്കി.\

read also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മൂന്ന് ജില്ലകളില്‍ അറിയിപ്പ്

എട്ട് വര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അമ്മമാരുടെയടക്കം ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്തതോടെയാണ് ഓരോ വര്‍ഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാനാരംഭിച്ചത്. ഇക്കഴിഞ്ഞ നവംബറിൽ ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. ഗാന്ധിഭവനിലെ അച്ഛന്മാര്‍ക്കായുള്ള ബഹുനില മന്ദിരത്തിന്‍റെ നിര്‍മ്മാണം സമീപത്ത് തന്നെ നടന്ന് വരികയാണ്. പ്രതിവര്‍ഷ ഗ്രാന്റ് ഉള്‍പ്പെടെ ഏഴ് വര്‍ഷത്തിനിടെ പത്ത് കോടിയോളം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നല്‍കി.

എം.എ. യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്‍റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, പ്രോജക്ട് ഡയറക്ടർ ബാബു വര്‍ഗ്ഗീസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി.ഡി അമ്മമാര്‍ക്കും അച്ഛന്മാർക്കുമായി കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button