KeralaLatest News

ഷാജിയെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചത് ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച്: എസ്എഫ്ഐക്കെതിരെ ദൃക്‌സാക്ഷികൾ

കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും പ്രതികളും നൃത്തപരിശീലകരുമായ കാസര്‍കോട് സ്വദേശി ജോമെറ്റ് മൈക്കിള്‍, മലപ്പുറം സ്വദേശി സൂരജ് എന്നിവരാണ് എസ്.എഫ്.ഐ.ക്കെതിരേ രംഗത്തുവന്നത്. മാർഗംകളി വിധികർത്താവ് ഷാജിയെ എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിൽ മർദ്ദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ വെളിപ്പെടുത്തി.

സെനറ്റ് ഹാളില്‍ വച്ച് വിധി കര്‍ത്താക്കളെ മണിക്കൂറുകളോളം നേരം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതായും നൃത്ത അധ്യാപകര്‍ ആരോപിച്ചു. അഞ്ജു കൃഷ്ണ, അക്ഷയ്, നന്ദന്‍ എന്നിവരെ കൂടാതെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഷാജിയെ മര്‍ദിച്ചത്.

എസ്.എഫ്.ഐ. നേതാവ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെനറ്റ് ഹാളിന്റെ അകത്ത് മറ്റൊരുമുറിയിലേക്ക് ഷാജിയെ കൂട്ടിക്കൊണ്ടുപോയത്. ‘നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്’ അഞ്ജു ചോദിച്ചു. ഷാജിയുടെ ബയോഡേറ്റ വായിച്ച് കളിയാക്കി. അഞ്ജുവാണ് അടിക്കെടാ ഇവനെയെന്ന് പറഞ്ഞത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കിസ്റ്റിക് തുടങ്ങിയവ അവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിനിടെ നാട്ടിലെത്തിയാല്‍ താന്‍ മരിച്ചുകളയുമെന്ന് ഷാജി എസ്എഫ്‌ഐക്കാരോട് വിളിച്ചുപറയുകയും ചെയ്തായി ജോമറ്റ് പറഞ്ഞു.

കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണ വിധേയനായ പിഎൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വയനാട്ടില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയരായ വിധികര്‍ത്താക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു, മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്, ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം, സംസ്ഥാനത്ത് രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്, പലര്‍ക്കും കുട്ടികളെ കോളേജിലയക്കാൻ പേടിയാണെന്നും വി ഡി സതീശൻ.

കഴിഞ്ഞ ദിവസമാണ് കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജി കണ്ണൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇന്ന് കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഷാജി ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ചെയ്തതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button