Latest NewsKeralaNews

സത്യഭാമ സംഘപരിവാർ അനുഭാവി ആണെങ്കിൽ കുറഞ്ഞത് ഒരുമാസം ഈ വിവാദം കേരളത്തിൽ ഓടും: ജിതിൻ ജേക്കബ്

തിരുവനന്തപുരം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമയ്ക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ വ്യത്യസ്ത നിരീക്ഷണവുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ഓരോ വിഷയങ്ങളിലും മലയാളി സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചാണ് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. കലാമണ്ഡലം സത്യഭാമ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണെങ്കിൽ ഈ വിവാദം രണ്ട് ദിവസം കൊണ്ട് നിൽക്കുമെന്നും ഹമാസ് അനുഭാവി ആണെങ്കിൽ ഈ നിമിഷം ചർച്ച അവസാനിക്കുമെന്നും പറഞ്ഞ ജിതിൻ, അവർ ഇനിയിപ്പോൾ സംഘപരിവാർ അനുഭാവി ആണെങ്കിൽ കുറഞ്ഞത് ഒരുമാസം ഈ വിവാദം കേരളത്തിൽ ഓടുമെന്ന് ചൂണ്ടിക്കാട്ടുന്നു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കലാമണ്ഡലം സത്യഭാമ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണെങ്കിൽ ഈ വിവാദം രണ്ട് ദിവസം കൊണ്ട് നിൽക്കും. ഹമാസ് അനുഭാവി ആണെങ്കിൽ ഈ നിമിഷം ചർച്ച അവസാനിക്കും, ഇനിയിപ്പോൾ സംഘപരിവാർ അനുഭാവി ആണെങ്കിലോ, കുറഞ്ഞത് ഒരുമാസം ഈ വിവാദം കേരളത്തിൽ ഓടും…അങ്ങനെ ആണ് മലയാളി ഓരോ വിഷയങ്ങളിലും നിലപാട് എടുക്കുന്നത്. ആ സ്ത്രീയുടെ ഉള്ളിൽ ഉള്ളത് കടുത്ത വർണ്ണ വെറി ആണെന്നതിൽ യാതൊരു തർക്കവുമില്ല. ഒരു മനുഷ്യനോടും ഒരിക്കലും പറയാൻ പാടില്ലാത്ത അത്ര തരം താണ രീതിയിൽ സംസാരിച്ചു എന്ന് മാത്രമല്ല , പറഞ്ഞതിൽ അൽപ്പം പോലും ഖേദം അവർക്ക് ഇല്ലാതാനും. അതുകൊണ്ട് തന്നെ ഇവർക്ക് എതിരെ അതിശക്തമായ ഭാഷയിൽ അതിനെതിരെ പ്രതിഷേധം ഉയരുകയും വേണം.

ഇത് പറയുമ്പോൾ തന്നെ ഇപ്പോൾ വർണ്ണവെറിക്ക് എതിരെ കാണ്ഡം കാണ്ഡം എഴുതുകയും, പ്രസംഗിക്കുകയും ചെയ്യുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകൾ സ്വയം വിമർശനം നടത്തുന്നത് നല്ലതായിരിക്കും.. എല്ലാവരും ഇപ്പോൾ ‘കറുപ്പിനെ’ വാഴ്ത്തി പാടുന്നു. പുളിച്ച സാഹിത്യം വാരി വിതറുന്നു. പക്ഷെ ഉറപ്പിച്ചു പറയാൻ കഴിയും 99% പേരും വെറുതെ കിടന്ന് ബഹളം ഉണ്ടാക്കുക ആണ്. സ്വന്തം ജീവിതത്തിൽ ഈ ‘കറുപ്പ്’ സ്നേഹം ഇവർ കാണിക്കുമോ?

കല്യാണം വന്നാൽ, കുഞ്ഞു ജനിച്ചാൽ, വാഹനം വാങ്ങിയാൽ, വസ്ത്രം വാങ്ങിയാൽ, സിനിമയിൽ, സീരിയലിൽ… എല്ലാത്തിലും ‘കറുപ്പ്’ നിറം എന്നത് നെഗറ്റീവ് ആണ്. അൽപം നിറം കുറഞ്ഞാൽ സ്കൂളുകളിൽ പോലും നമ്മൾ കൂട്ടുകാരനെ ‘പാണ്ടി’എന്ന് വിളിച്ച് കളിയാക്കും. അത് കേട്ട് അധ്യാപകരും ചിരിക്കും…! അതുപോലെ ഇതേ കാര്യങ്ങൾ ഒരു സിനിമയിലോ, സ്കിറ്റിലോ ആയിരുന്നു എങ്കിൽ നമ്മൾ തലകുത്തി നിന്ന് ചിരിച്ചേനേ..

കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് ഒരു ആഫ്രിക്കൻ ഫുട്ബോൾ താരം കാണികളുടെ വംശീയ അധിക്ഷേപം നേരിട്ടതും, കൂട്ട ആക്രമണത്തിന് വിധേയനായതും..!
ആദ്യം സൂചിപ്പിച്ചത് പോലെ മലയാളി പ്രതികരിക്കണം എങ്കിൽ ചില പ്രത്യേക ഘടകങ്ങൾ ഒത്തു വരണം. ഫുട്ബാൾ കളിച്ച് അന്നം കണ്ടെത്താൻ ആഫ്രിക്കയിൽ നിന്ന് കേരളത്തിൽ വന്ന ആ ചെറുപ്പക്കാരൻ വംശീയ അധിക്ഷേപത്തിനും, ആൾക്കൂട്ട ആക്രമണത്തിനും വിധേയനായതും ദേശീയ – അന്തർ ദേശീയ മാധ്യമങ്ങളിൽ വാർത്ത ആയെങ്കിലും ആദ്യം സൂചിപ്പിച്ച ചില പ്രത്യേക ഘടകങ്ങൾ ഒത്തു വരാത്തത് കൊണ്ട് മലയാളിയുടെ രോക്ഷം അന്ന് ലോകം കണ്ടില്ല…
ഈ വിഷയത്തിൽ എന്ത് നിലപാട് ഇനി എടുക്കണം എന്നത് മലയാളി തീരുമാനിക്കുക വിഷയത്തിലെ മെറിറ്റ് നോക്കിയിട്ടാകില്ല. കലാമണ്ഡലം സത്യഭാമയുടെ രാഷ്ട്രീയ ചായ്‌വ് എന്താണെന്ന് നോക്കിയാകും ഇനിയുള്ള പ്രതികരണങ്ങൾ. ഇവർക്ക്‌ ഒപ്പം നിന്ന് ഫോട്ടോ എടുത്തവർ ജാഗ്രതെ 😂

എന്ത് നിലപാട് എടുത്താലും ഒരു അഭിപ്രായം മാത്രം, കലാമണ്ഡലം സത്യഭാമക്ക്‌ എതിരെ ആക്രോശിച്ച് ക്ഷീണിച്ച് കഴിഞ്ഞെങ്കിൽ നാം ഒന്ന് സ്വയം വിമർശനം കൂടി നടത്തുന്നത് നന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button