KeralaLatest NewsIndia

പൗരത്വ ഭേദ​ഗതിനിയമം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

മലപ്പുറം: പൗരത്വ ഭേദ​ഗതിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിൽ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് ഇന്ന് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. വിവിധ മതസാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചാണ് ഭരണഘടനാ സംരക്ഷണ റാലി നടത്തുന്നത്.

ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് റോഡിലെ മച്ചിങ്ങൽ ബൈപാസ് ജങ്ഷനിലാണ് റാലി. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. മന്ത്രി വി അബ്ദുറഹ്‌മാൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ, സുപ്രീം കോടതിയിലെ സീ നിയർ അഭിഭാഷകൻ പി വി ദിനേശ്, കേരള മുസ്‌ലിം ജമാഅത്ത്, സമ്സത കേരള ജംഇയ്യത്തുൽ ഉലമ, കെഎൻഎം, മർകസുദ്ദ അവ, വിസ്‌ഡം, എംഇഎസ് തുടങ്ങി സംഘടനകളുടെ പ്രതിനിധികൾ, കവി ആലങ്കോട് ലിലാകൃഷ്ണൻ, എംഎൽ എമാർ, സ്ഥാനാർഥികൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.

കോഴിക്കോട് മാർച്ച് 22 ന് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി നടത്തിയിരുന്നു. അന്ന് കേന്ദ്ര സർക്കാരിനും ബി ജെ പിക്കും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യമെന്നാണ് കോഴിക്കോട് റാലിയിൽ പിണറായി വിജയൻ ചൂണ്ടികാട്ടിയത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആർ എസ് എസ് നിലപാടാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്നതാണ് സംഘപരിവാർ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ബി ജെ പിക്ക് രാജ്യ ഭരണം കിട്ടിയപ്പോളെല്ലാം ആർ എസ് എസ് ഇതേ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ചെയ്യുന്നത്. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യം. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. ഈ ഒരു വേർതിരിവ് കൊണ്ടുവരുന്നത് കൊണ്ട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ കുറ്റക്കാരാവുകയാണ്. അതിനാലാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഈ നിയമത്തിനെതിരെ രംഗത്ത് വരേണ്ടി വന്നത്.

പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പോലും നിയമത്തിന് എതിരായി നിലപാടെടുത്തു. ഇതോടെ നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാട് എടുക്കുന്ന രാജ്യമായി ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നു. പൗരത്വ നിയമത്തിൽ പല ഭേദഗതികളും മുൻപ് വന്നിട്ടുണ്ട്. അന്നൊന്നും പൗരത്വത്തിന് മതം അടിസ്ഥാനമായിരുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button