Latest NewsIndia

ഇന്ത്യയിൽ ചികിത്സക്കെത്തി കാണാതായ ബം​ഗ്ലാദേശ് എംപി കൊൽക്കത്തയിൽ മരിച്ചു, കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി ഒരാൾ

ധാക്ക: ഇന്ത്യയിലേക്ക് ചികിത്സക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി അൻവാറുൽ അസിം കൊൽക്കത്തയിൽ മരിച്ചതായി ബംഗാൾ പൊലീസ് സ്ഥിരീകരിച്ചതായി ബംഗ്ലാദേശ് മന്ത്രി. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ എംപിയായ അൻവാറുൽ മെയ് 12 ന് ചികിത്സക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതായി. ബം​ഗ്ലാദേശ് എംപിയുടെ തിരോധാനത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങി.

അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ നഗരത്തിലെ ന്യൂടൗൺ ഏരിയയ്ക്ക് സമീപമായിരുന്നെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. കാളിഗഞ്ച് ഉപാസില അവാമി ലീഗിൻ്റെ പ്രസിഡൻ്റ് കൂടിയായ അൻവാറുൽ അസിം, മെയ് 12 ന് വൈകുന്നേരം 7 മണിക്ക് കൊൽക്കത്തയിലെ തൻ്റെ കുടുംബ സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാൻ പോയതായി പൊലീസ് പറഞ്ഞു.

ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അൻവാറുൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:41 ന് ഗോപാലിൻ്റെ വീട്ടിൽ നിന്ന് പോയി. വൈകിട്ട് തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ, വൈകുന്നേരം താൻ ദില്ലിയിലേക്ക് പോകുകയാണെന്നും അവിടെ എത്തിയ ശേഷം വിളിക്കാമെന്നും ഗോപാലിനെ അറിയിച്ചു.

മെയ് 15 ന് അസിം മറ്റൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ താൻ ദില്ലിയിലെത്തിയതായും വിഐപികൾക്കൊപ്പമാണെന്നും ഗോപാലിനെ അറിയിച്ചു. ജൂൺ 17 ന്, കുടുംബത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെത്തുടർന്ന് അവർ ഗോപാലിനെ വിളിച്ചു. അന്നുതന്നെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

അൻവാറുൾ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശിൽ ഒരാൾ പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്തയിലെ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. എന്നാൽ, മൃതദേഹം ഇതുവരെ ന്യൂടൗണിൽ എവിടെനിന്നും കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ ബിധാനഗർ പോലീസ് കമ്മീഷണറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button