KeralaLatest NewsInternational

തൊടുപുഴ സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിലേക്ക് ഒറ്റരാത്രി കൊണ്ടെത്തിയത് 2,261 കോടി രൂപ! സംഭവിച്ചത് എന്തെന്നറിയാതെ സാജു

തൊടുപുഴ: തൊടുപുഴ സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിലേക്ക് ഒറ്റരാത്രി കൊണ്ടെത്തിയത് 2,261 കോടി രൂപ. തൊടുപുഴ വെങ്ങല്ലൂർ പുളിക്കൽ സ്വദേശി അഡ്വ.സാജു ഹമീദിന്റ ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) അക്കൗണ്ടിലേക്കാണ് വൻ തുക എത്തിയത്. ദുബായിൽ ബിസിനസുകാരനായ സാജുവിന്റെ അക്കൗണ്ടിലേക്ക് ഒന്നര മാസം മുമ്പാണ് 100 കോടി യു.എ.ഇ ദിർഹം ക്രെഡിറ്റാകുന്നത്.

ബാങ്കിന് സംഭവിച്ച സാങ്കേതിക പിഴവായിരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കും എന്നുമാണ് ഇദ്ദേഹം കരുതിയിരുന്നത്. എന്നാൽ, ഇത്രയും നാളായിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതായതോടെ ബാങ്കിനെ സമീപിക്കാനൊരുങ്ങുകയാണ് ഇ​ദ്ദേഹം. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. സാജു ദുബായിലുള്ളപ്പോഴാണ് പണം അക്കൗണ്ടിൽ ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്.

ബാങ്കിന് പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്കം ബാങ്ക് തന്നെ പണം തിരികെയെടുക്കുമെന്നും കരുതി. നേരത്തെ സാജുവിന്റെ ഈ അക്കൗണ്ടിൽ ബാലൻസുണ്ടായിരുന്നില്ല. ദുബായിൽ തന്നെയുള്ള മഷ്‌റക് ബാങ്ക് വഴിയായിരുന്നു ഇടപാടുകൾ. ദുബായിലെ ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ അറിയിച്ചപ്പോൾ ഇത്തരത്തിൽ ആക്ടീവല്ലാത്ത അക്കൗണ്ടുകളിൽ വൻതുക ക്രെഡിറ്റാകാറുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കം പിൻവലിക്കുമെന്നുമാണ് പറഞ്ഞത്.

സുഹൃത്ത് പറഞ്ഞതനുസരിച്ച് ദിവസങ്ങളോളം നോക്കിയെങ്കിലും തുക ബാങ്ക് പിൻവലിച്ചില്ല. ഇത്രയുംനാൾ ഈ വിവരം അടുത്ത ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. അടുത്തിടെ ചില സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയുന്നത്. അടുത്ത മാസം തിരികെ ഗൾഫിലെത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരമറിയിക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button