Latest NewsKeralaNews

ടിവി കാണുന്നതിനിടയിലെ തര്‍ക്കം: അനിയന്‍ ചേട്ടനെ കൊലപ്പെടുത്തി: മകനെ രക്ഷിക്കാന്‍ കുറ്റമേറ്റെടുത്ത് അമ്മ

ഇടുക്കി: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മര്‍ദനമേറ്റ് സഹോദരന്‍ മരിച്ചു. സംഭവത്തില്‍ സഹോദരനും മാതാവും അറസ്റ്റില്‍. പീരുമേട് പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖിലിനെയാണ് (31) വീടിന്റെ സമീപത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അനുജന്‍ അജിത്ത് (29), മാതാവ് തുളസി ( 51 ) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

മൂന്നാം തീയതി വൈകിട്ട് അമ്മ തുളസിയും അജിത്തും കൂടി വീട്ടില്‍ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഈ സമയത്താണ് മദ്യപിച്ച് അഖില്‍ വീട്ടിലേക്ക് ചെന്നത്. അജിത്തും അഖിലും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അജിത്ത് വീട്ടിലെ ടിവി അടിച്ച് തകര്‍ത്തു. ഇവര്‍ തമ്മിലുള്ള വഴക്കിന് മധ്യസ്ഥത പറയുന്നതിന് വേണ്ടി അമ്മ തുളസി ഇടപെട്ടു. അഖില്‍ ഇതിനിടയില്‍ തുളസിയെ പിടിച്ചു തള്ളി തുളസി നിലത്തേക്ക് വീഴുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജിത്ത് തൊട്ടടുത്തിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് അഖിലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇത് കണ്ട തുളസി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുന്നതിനായി ഓടി.

ഇതിനിടയില്‍ അജിത്ത് അഖിലിനെ വീടിന്റെ അകത്തുനിന്നും വലിച്ച് പുറകിലുള്ള കവുങ്ങിന്റെ ചുവട്ടില്‍ കൊണ്ടിട്ടു. തുടര്‍ന്ന് വെള്ളമടിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ബന്ധുക്കളും തുളസിയും വരുന്നതിനു മുമ്പായി അജിത്ത് അഖിലിന്റെ കഴുത്തില്‍ പിടിച്ചു നില്‍ക്കുകയും ചവിട്ടുകയും ചെയ്തു. ബന്ധുക്കളും തുളസി വരുമ്പോള്‍ മരിച്ചുകിടക്കുന്ന അഖിലിനെയാണ് കണ്ടത്. കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മ കുറ്റം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ അമ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

ഇന്നലെ കൊലപാതകമെന്ന് സംശയം തോന്നിയത് കൊണ്ട് അജിത്തിനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ അജിത്തിനെ രക്ഷിക്കുന്നതിനു വേണ്ടി തുളസിയാണ് കൊലപാതകം ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അജിത്താണ് ഇതെല്ലാം ചെയ്തതെന്ന് സമ്മതിച്ചത്. ഒന്നാം പ്രതിയായ അജിത്തിനെയും തെളിവ് നശിപ്പിക്കുന്നതിന് തുളസിയുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പീരുമേട് പ്ലാത്ത് പുത്തന്‍വീട്ടില്‍ പൊലീസ് ഇവരുമായി എത്തി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button