കാഞ്ഞങ്ങാട്: അടുത്ത ബന്ധുവിന്റെ വിവാഹത്തിന് കോട്ടയത്ത് നിന്ന് കാസര്‍ഗോഡ് എത്തിയ വിവാഹ സംഘം മടങ്ങുന്നത് മായാത്ത കണ്ണീരുമായി. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് മലബാര്‍ എക്‌സ്പ്രസിന് തിരുവോണത്തിന് മുന്‍പ് വീട്ടിലെത്താനുള്ള ശ്രമത്തിനിടയിലാണ് വധുവിന്റെ മുത്തശ്ശിയടക്കം മൂന്ന് സ്ത്രീകള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചത്. കള്ളാര്‍ സെന്റ് തോമസ് പള്ളിയിലായിരുന്നു മരണപ്പെട്ട ചിന്നമ്മ ഉതുപ്പായിയുടെ പേരമകളുടെ വിവാഹം നടന്നത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ ഉതുപ്പായ്(73), ആലീസ് തോമസ്(61), എയ്ഞ്ചല എബ്രഹാം (31) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read Also: ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞ്
കോട്ടയത്ത് നിന്ന് ഇന്നലെ രാവിലെയാണ് വിവാഹ സംഘം കാഞ്ഞങ്ങാട് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ മലബാര്‍ എക്‌സ്പ്രസില്‍ തന്നെ കോട്ടയത്തേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 50 പേരായിരുന്നു വിവാഹ സംഘത്തില്‍ ഉണ്ടായിരുന്നത്. സ്റ്റേഷനോട് ചേര്‍ന്നുള്ള നടവഴിയിലൂടെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയ സംഘം പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലെത്തിയത്. എന്നാല്‍ ട്രെയിന്‍ വരുന്നത് ഒന്നാം പ്ലാറ്റ്‌ഫോമിലാണെന്ന് അറിഞ്ഞതോടെ പാളം മുറിച്ച് കടന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലെത്താനുള്ള ശ്രമത്തിനിടയില്‍ രണ്ടാം പ്ലാറ്റ്‌ഫോമിലെത്തിയ കോയമ്പത്തൂര്‍ ഹിസാര്‍ എക്‌സ്പ്രസ് ഇവരെ ഇടിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്.
ചിങ്ങവനം സ്വദേശി മാര്‍ഷയുടെ വിവാഹത്തിനായിരുന്നു സംഘം കാസര്‍ഗോഡ് എത്തിയത്. വധുവിന്റെ സഹോദരി ഭര്‍ത്താവിന്റെ അനിയത്തിയാണ് ഏയ്ഞ്ചല. 8 മാസം മുന്‍പാണ് ഏയ്ഞ്ചലയുടെ വിവാഹ കഴിഞ്ഞത്. ഏയ്ഞ്ചലയുടെ ഭര്‍ത്താവ് റോബര്‍ട്ട് കുര്യാക്കോസ് യുകെയില്‍ എന്‍ജിനീയറാണ്. ചിന്നമ്മയുടെ ഭര്‍ത്താവ് പി എ ഉതുപ്പായ്, ആലീസിന്റെ ഭര്‍ത്താവ് പി എ തോമസ്. കണ്ണൂര്‍ ഭാഗത്ത് നിന്ന് എത്തിയ ട്രെയിന്‍ ഇടിച്ച് ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. ട്രെയിന്‍ അപകടത്തിന് പിന്നില്‍ യാത്രക്കാരുടെ അശ്രദ്ധയും കാരണമായെന്നാണ് സൂചന. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ രാത്രി തന്നെ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തിന് പിന്നാലെ കാഞ്ഞങ്ങാട് പിടിച്ചിട്ട മലബാര്‍ എക്‌സ്പ്രസ് 8.15ഓടെ യാത്ര തുടര്‍ന്നു. വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ ഇതേ ട്രെയിനില്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.
Post Your Comments