തിരുവനന്തപുരം : വയനാട്ടിലെ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവം വിജിലന്‍സ് അന്വേഷിക്കും. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
മേപ്പാടിയിലെ ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ പുഴുവരിച്ച അരി കണ്ടെത്തിയതിലാണ് അന്വേഷണം. ഏതെങ്കിലും തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയോ എന്നതും പഴയ സ്റ്റോക്കാണോ പഞ്ചായത്ത് വിതരണം ചെയ്തതെന്നും പരിശോധിക്കും. സിപിഎം ഉന്നയിച്ച പരാതികളിലാണ് അന്വേഷണം നടക്കുക.
അതേ സമയം മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പുതുതായി നല്‍കിയ അരിയും കാലാവധി കഴിഞ്ഞവയെന്ന് പഞ്ചായത്ത് ഭരണസമിതി വീണ്ടും പരാതിപ്പെട്ടു. ഒക്ടോബര്‍ 30നും നവംബര്‍ ഒന്നിനും വിതരണം ചെയ്ത അരിച്ചാക്കുകള്‍ ചിലതിലാണ് പഴയ അരിയാണെന്ന് കണ്ടെത്തിയത്. ചിലതില്‍ പ്രാണികളുണ്ടെന്നും പറയുന്നു.
അരിച്ചാക്ക് പൂഴ്ത്തിവച്ചെന്ന് ആരോപിച്ച് ഇന്നലെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അരി വിതരണം ചെയ്യാന്‍ തുടങ്ങിയത്.
Post Your Comments