
കൊച്ചി: കേരള ഹൈക്കോടതിയിൽ അഭിഭാഷകയായ ഒ.എം.ശാലിനയെ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റേതാണ് നടപടി. കേരള ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന എന്ന പ്രത്യേകത കൂടിയുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിന്റെ ഭാര്യയാണ് ശാലീന.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് കൊമേഴ്‌സിൽ ബിരുദമെടുത്ത ശാലീന, എറണാകുളം ലോ കോളജിൽനിന്നാണ് നിയമത്തിൽ ബിരുദം എടുത്തത്. 1999ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ ആയി നിയമിതയായി. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ് ശാലീന.
Post Your Comments