
പത്തനംതിട്ട: മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് ഡിവൈഎഫ്ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്.
ഉൽസവ ഗാനമേളയിലെ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ കെ.വിൽസൺ, പ്രസിഡൻറ് വി.എസ്.എബിൻ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. ഇവരും ഡിവൈഎഫ്ഐ പ്രവർത്തകരെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം മേക്കൊഴൂർ ഋഷികേശ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ശ്രീരാമൻറെ കട്ടൗട്ട് തകർത്തു. ബലിക്കൽപ്പുരയിൽ അതിക്രമിച്ച് കയറി കുടകളും മറ്റ് ഉപകരണങ്ങളും ബോർഡുകളും തകർത്തു. തടയാനെത്തിയ ജീവനക്കാരനേയും ആക്രമിക്കുകയായിരുന്നു.
ഇതിന് പിന്നാലെ തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.ക്ഷേത്ര ഭാരവാഹികൾ എത്തി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ വച്ചു പോലും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉൽസവത്തിന് ഗാനമേളയിൽ മദ്യപിച്ചെത്തി സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയിരുന്നു. ഇതിൻറെ തിരിച്ചടിക്ക് എത്തിയവരാണ് ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തിയത്. ക്ഷേത്രത്തിൻറെ സമീപ പ്രദേശത്ത് ഉള്ളവരാണ് പ്രതികൾ. ആക്രമണത്തിൽ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി ഇന്നലെ മൈലപ്ര പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചിരുന്നു.
Post Your Comments