
ദില്ലി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ.
അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ നിർണായക വാർത്താ സമ്മേളനം. ഇന്നും രാവിലെ പത്ത് മണിക്കാണ് സൈന്യം വാർത്താ സമ്മേളമനം നടത്തുന്നത്. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
രാവിലെ 10 മുതൽ 11 വരെ സൗത്ത് ബ്ലോക്കിൽവെച്ചാണ് വാർത്താ സമ്മേളനം. ഇന്നു പുലർച്ചെ 5.45ന് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം അറിയിപ്പ്. എന്നാൽ, പിന്നീട് വാർത്താസമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിർണ്ണായക പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട് എന്നാണ് സൂചന.
Post Your Comments