
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് യാത്ര തിരിച്ച കെ എസ് ആർ ടി സി സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് സസ്പെൻഡ് ചെയ്തു. താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായതിന് പിന്നാലെയാണ് കെ എസ് ആർ ടി സി അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണെന്നും ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments