Kerala

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൂടാതെ തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസ‍‍ർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അപകടകരമായ രീതിയിൽ ‍ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

അതേസമയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.

 

shortlink

Post Your Comments


Back to top button