Latest NewsInternational

ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരിച്ചു കൊണ്ടുവരും: ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നന്നേക്കുമായി മരവിപ്പിച്ചതോടെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ആശയവിനിമയം നടത്തിയിരുന്നത്

ന്യൂയോർക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ, ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മസ്‌കിന്റെ പരാമര്‍ശം. താന്‍ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍, വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു.

എന്നാല്‍, തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്ന് മസ്‌ക് പറഞ്ഞു. സമ്പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് മസ്‌ക്. ട്വിറ്റര്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ നിരന്തരം വിമര്‍ശിച്ചിരുന്നയാളാണ് അദ്ദേഹം. എല്ലാ വിഭാഗക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹം വാദിക്കുന്നു.

അതേസമയം, തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് മുന്‍പ് വിഷയത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നന്നേക്കുമായി മരവിപ്പിച്ചതോടെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ആശയവിനിമയം നടത്തിയിരുന്നത്. ട്രംപിന്റെ ചില ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ക്യാപിറ്റോള്‍ ആക്രമത്തിന് വഴിവച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രംപിനെതിരെ ട്വിറ്റര്‍ നടപടിയെടുത്തിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button