NewsInternational

മയക്കു മരുന്നു കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ തത്ത ‘അറസ്റ്റില്‍’

 

പോലീസ് വരുന്നുവെന്ന് മയക്കുമരുന്നു കച്ചവടക്കാരായ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ തത്ത ‘അറസ്റ്റില്‍’. ബ്രസീലിലെ പിയൗവി സ്റ്റേറ്റിലാണ് സംഭവം. രണ്ട് ക്രാക്ക് കൊക്കെയ്ന്‍ കച്ചവടക്കാര്‍ വളര്‍ത്തിയിരുന്ന തത്തയാണ് പോലീസ് കസ്റ്റഡിയിലായത്. പോലീസ് ഇവരുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ പോലീസ് വരുന്നുവെന്ന് തത്ത ഉറക്കെ വിളിച്ചു പറയുകയായിരുന്നുവെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തത്തയെ ഇതിനായി പരിശീലിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. പോലീസ് അടുത്തെത്തിയപ്പോള്‍ തത്ത ഉടമകള്‍ക്ക് മുന്നറിയിപ്പു നല്‍കുകയായിരുന്നുവത്രേ. എന്തായാലും തത്തയുടെ പരിശ്രമം ഫലം കണ്ടില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തത്തയുടെ ഉടമകളായ ഒരു പുരുഷനെയും കൗമാരക്കാരിയായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.

ചെറിയ പാക്കറ്റുകളിലാക്കിയ കൊക്കെയ്നും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്നു പാക്കറ്റുകള്‍ക്ക് അരികില്‍ വളരെ അനുസരണയോടെ ഇരിക്കുകയായിരുന്ന തത്തയെ ഒരു പോലീസുകാരന്‍ കയ്യിലെടുത്ത് ഒരു പക്ഷിക്കൂട്ടിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ ആര്‍7 ചാനല്‍ സംപ്രേഷണം ചെയ്തു. കസ്റ്റഡിയില്‍ തത്ത ഒന്നും മിണ്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തത്തയെ മോചിപ്പിക്കുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് അടുത്തുള്ള മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ് തത്തയെ. പ്രതികള്‍ പിടിയിലായതിനു ശേഷം ഒട്ടേറെ പോലീസുകാര്‍ വന്നെങ്കിലും തത്ത പിന്നീട് ഒന്നും മിണ്ടിയിട്ടില്ലെന്നാണ് വെറ്ററിനേറിയന്‍ അലക്സ്രോന്ദ ക്ലാര്‍ക്ക് പറഞ്ഞതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button