KeralaLatest NewsNews

‘സാധാരണ പൗരനായി പ്രിയപ്പെട്ട തൃത്താലയില്‍ താനുണ്ടാവും’; മണ്ഡലത്തിന്‍റെ വികസന രൂപരേഖ പങ്കുവെച്ച് വി ടി ബല്‍റാം

പാലക്കാട് : നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഇടപെട്ട് മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. തൃത്താലയ്ക്ക് ഇനി എന്തൊക്കെ വികസന പദ്ധതികളാണ് വേണ്ടതെന്നും എന്തൊക്കെ പദ്ധതികളാണ് പൂർത്തിയായതെന്നും വ്യക്തമാക്കി പുതിയ എംഎല്‍എ എംബി രാജേഷിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം ………………….

തൃത്താലയുടെ പ്രതിനിധിയായി ഇനിമുതൽ ആരെയാണ് വേണ്ടത് എന്ന് ഇക്കഴിഞ്ഞ ദിവസം ഈ നാട്ടുകാർ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. എൻ്റെ ആദ്യ പ്രതികരണത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നത് പോലെ വിനയപുരസ്സരം ആ ജനവിധിയെ ഉൾക്കൊള്ളുകയും ഭാവി പ്രവർത്തനങ്ങൾക്കായി പുതിയ ജനപ്രതിനിധിക്ക് ആശംസകൾ നേരുകയും ചെയ്യുന്നു. ഭരണപക്ഷത്തെ എംഎൽഎ എന്ന നിലയിലും ഏറെക്കാലത്തിന്നു ശേഷം തൃത്താലയിൽ നിന്നൊരാൾ മന്ത്രി പദവിയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലും കുറേയേറെ കാര്യങ്ങൾ നാടിനു വേണ്ടി ചെയ്യാൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് അവസരമൊരുങ്ങുകയാണ്. വിവിധ ഘട്ടങ്ങളിലായി പൈപ്പ് ലൈനിലുള്ള ചില പദ്ധതികളും മറ്റ് ചില പൊതു വിഷയങ്ങളും താത്പര്യമുള്ളവരുടെ മുന്നിലേക്ക് ചൂണ്ടിക്കാണിക്കുന്നു:

1) തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചാവിഷയമായ തൃത്താല സർക്കാർ കോളേജിൻ്റെ കെട്ടിടം ഇതിനോടകം തന്നെ പണി പൂർത്തിയാവാറായിക്കഴിഞ്ഞു. 5 കോടി എംഎൽഎ ഫണ്ടിൽ നിന്നുള്ള കെട്ടിടമാണിത്. കിഫ്ബി വഴി 7.5 കോടിയുടെ കെട്ടിട നിർമ്മാണങ്ങൾ രണ്ട് മാസം മുൻപ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഇനി വേണ്ടത് പ്ലേ ഗ്രൗണ്ട്, വഴി വീതികൂട്ടൽ അടക്കമുള്ളവക്ക് വേണ്ടി പുതിയ സ്ഥലമേറ്റെടുപ്പാണ്. ഹോസ്റ്റലുകൾക്കായും മറ്റും ഇനിയും ഫണ്ട് അനുവദിപ്പിക്കണം. പുതിയ നിരവധി കോഴ്സുകളും ഇവിടേക്കായി അനുവദിക്കാൻ അനുഭാവ സമീപനമുള്ള ഒരു സംസ്ഥാന സർക്കാരിന് സ്വാഭാവികമായും കഴിയും.
പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയും അനുവദിക്കപ്പെടാൻ അർഹതയുള്ള സ്ഥലമാണ് തൃത്താല. അതിനായുള്ള പരിശ്രമങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Read Also  :  ലോകം ഉറ്റുനോക്കുന്ന മോദി-ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച ഇന്ന്, 2030 വരെയുള്ള സഹകരണം ചര്‍ച്ചയാകും

2) തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഉന്നയിക്കപ്പെട്ട കുടിവെളള പ്രശ്നവും ശാശ്വതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതിന് കാരണമായി തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചിരുന്നത് പോലെ പുതിയ കുടിവെള്ള പദ്ധതികൾ ഒന്നും ഇവിടെ ആവിഷ്ക്കരിക്കാത്തത് കൊണ്ടല്ല പ്രശ്നം. തൃത്താലയിൽ വാട്ടർ അതോറിറ്റിയുടെ വലിയ കുടിവെള്ള പദ്ധതികൾ ഉണ്ട്. ആനക്കര, പട്ടിത്തറ, കപ്പൂർ എന്നീ മൂന്ന് പഞ്ചായത്തുക്കൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായിട്ടുണ്ട്. ഇതിൽ നിന്ന് 12000 ഓളം പുതിയ വീട്ടുകണക്ഷനുകളും നൽകി വരുന്നുണ്ട്. ഇത് കൂടുതൽ വിപുലീകരിക്കണം. പൈപ്പ് ലൈനുകൾ കൂടുതൽ നീട്ടാനുള്ള അധിക ഫണ്ട് അനുവദിക്കണം. നേരത്തേ നിലവിലുള്ള പാവറട്ടി ശുദ്ധജല പദ്ധതിയിൽ നിന്ന് തൃത്താല മണ്ഡലത്തിലെ പഞ്ചായത്തുകളെ വേർപ്പെടുത്തി പ്രത്യേക പദ്ധതിയാക്കി മാറ്റണം. പരുതൂരിനൊപ്പം പട്ടാമ്പി മണ്ഡലത്തിലെ തിരുവേഗപ്പുറക്കും മുതുതലക്കും വേണ്ടിയുള്ള പുതിയ സമഗ്ര പദ്ധതിയും ആവിഷ്ക്കരിക്കപ്പെടണം. ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ അഞ്ച് വർഷമായി തീരുമാനമാവാതെ ജലവിഭവ വകുപ്പിൻ്റെ പരിഗണനയിലാണ്.

3) പരുതൂർ പഞ്ചായത്തിൽ കിഫ്ബി വഴി പ്രഖ്യാപിച്ചിരുന്ന കരിയന്നൂർ, സുശീലപ്പടി റയിൽവേ ഓവർബ്രിജുകൾക്ക് സർക്കാർ ഒരുപാട് മലക്കം മറിച്ചിലുകൾക്ക് ശേഷം അനുകൂല തീരുമാനം പ്രഖ്യാപിച്ചത് അവസാന കാലത്താണ്. തുടർഭരണ സർക്കാർ ശ്രമിച്ചാൽ ഈയടുത്ത മാസങ്ങളിൽത്തന്നെ അതിൻ്റെ നിർമ്മാണമാരംഭിക്കാൻ കഴിയും.

Read Also  :   എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ

4) ചാലിശ്ശേരി ആശുപത്രി വികസനത്തിന് എൻഎച്ച്എം വഴി ഒന്നര കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സൗജന്യ ഡയാലിസിസ് സെൻററടക്കം പ്രവർത്തിക്കുന്ന ഈ ആശുപത്രിയുടെ ആവശ്യമനുസരിച്ച് ഇതപര്യാപ്തമാണ്. 10 കോടിയെങ്കിലുമനുവദിച്ച് മികച്ച നിലവാരത്തിലുള്ള കെട്ടിടം ഇവിടെ ഉണ്ടാവണം. ഡയാലിസിസ് സെൻ്റർ 20 മെഷീനെങ്കിലും ഉള്ള നിലയിലേക്ക് വിപുലീകരിക്കണം. തൃത്താല അടക്കമുള്ള മറ്റ് ആശുപത്രികൾക്കും വലിയ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ പ്രത്യേകമായി അനുവദിക്കണം.

സർക്കാർ മേഖലയിൽ ഒരു മെഡിക്കൽ കോളേജിന് ഏറ്റവും അർഹതയും പ്രയോജന സാധ്യതയുമുള്ള നാടാണ് തൃത്താല. ഒറ്റയടിക്ക് ബുദ്ധിമുട്ടാണെങ്കിലും ഇതിനായുള്ള പരിശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത് വലിയ നേട്ടമായിരിക്കും. ആയുർവ്വേദ രംഗത്ത് ഉന്നത നിലവാരമുള്ള നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവരെക്കൂടി സഹകരിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള ഒരു ഗവേഷണ സ്ഥാപനവും ലക്ഷ്യമാക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രൊപ്പോസൽ ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.

Read Also  :  എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 5000 കടന്നു; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

5) കുറ്റിപ്പുറം -കുമ്പിടി -തൃത്താല -പട്ടാമ്പി – ഷൊർണൂർ റോഡ്, പട്ടാമ്പിയിൽ ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം എന്നിവ അഞ്ച് വർഷമായി കിഫ്ബിയുടെ സാങ്കേതികത്വങ്ങളുടെ പേരിൽ ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അതിന് അനുമതി ലഭിച്ച് പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മല – വട്ടത്താണി റോഡ്, പടിഞ്ഞാറങ്ങാടി- മണ്ണിയം പെരുമ്പലം റോഡ് എന്നിവയും കിഫ്ബിയുടെ പേരിൽ ശാപമോക്ഷം കാത്ത് കിടക്കുകയാണ്. കാഞ്ഞിരത്താണി കോക്കൂർ റോഡ് 5 കോടി, പരുതൂരിലെ പാലത്തറ ഗേറ്റ് അഞ്ചുമൂല റോഡ് 5 കോടി, ആനക്കര ഡയറ്റ് കണ്ടനകം റോഡ് 2 കോടി, എന്നിവക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അവയുടെ നിർമ്മാണം ഈ സീസണിൽത്തന്നെ പൂർത്തീകരിക്കാവുന്നതാണ്.

6) കോക്കാട്-ഒതളൂർ-മലമക്കാവ് റോഡ്, മല- വട്ടത്താണി റോഡ്, ചാലിശ്ശേരി ഹെൽത്ത് സെൻ്റർ റോഡ് എന്നിവക്ക് കേന്ദ്ര സർക്കാരിൻ്റെ പിഎംജിഎസ് വൈ പദ്ധതിയിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ടെണ്ടർ നടപടികൾ സ്വീകരിച്ചാൽ ഉടൻ നിർമ്മാണമാരംഭിക്കാവുന്നതാണ്.

7) മുടങ്ങിക്കിടക്കുന്ന കൂട്ടക്കടവ് റഗുലേറ്റർ പദ്ധതി തീര സുരക്ഷ ഉറപ്പു വരുത്തി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 40 കോടിയോളം രൂപ അനുഭാവ സമീപനമുള്ള ഒരു സർക്കാരിന് അനുവദിക്കാൻ കഴിയുന്നതാണ്. വെള്ളിയാങ്കല്ലിൻ്റെ ഇപ്പോൾ നടന്നുവരുന്ന നവീകരണ പ്രവൃത്തിയുടെ പൂർത്തീകരണത്തിനും ഏതാണ്ട് 25 കോടി രൂപ വേണ്ടിവരും. കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് പദ്ധതിയും കിഫ്ബിയുടെ കുരുക്കിലകപ്പെട്ടിരിക്കുകയാണ്.

പട്ടിക്കായൽ, പുളിയപ്പറ്റക്കായൽ എന്നിവയെ ഉപയോഗപ്പെടുത്തി പുഞ്ചകൃഷി വ്യാപനത്തിനായുള്ള വലിയ പദ്ധതികൾ പുതിയ പഞ്ചായത്ത് ഭരണസമിതികൾ നബാർഡ് സഹായത്തോടെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അവക്കാവശ്യമായ ഗ്യാപ് ഫണ്ടുകൾ കണ്ടെത്തി പദ്ധതികൾ യാഥാർത്ഥ്യമാക്കാവുന്നതാണ്. പരുതൂർ, ആനക്കര, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും നെൽക്കൃഷിക്ക് നല്ല പിന്തുണ നൽകാൻ കഴിയുന്ന പദ്ധതികൾ ഇനിയും വേണം. തൃത്താല, നാഗലശ്ശേരി എന്നിവക്ക് പ്രയോജനം ചെയ്യുന്ന തേനാമ്പാറ പദ്ധതി കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുകയാണ്.

Read Also  :  പ്രവാസികൾക്ക് തിരിച്ചടി; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി കുവൈത്ത്

9) കിഫ്ബി വഴി വിവിധ സ്ക്കൂളുകളിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതികളിൽ മിക്കതും തുടങ്ങിയിട്ടില്ല. കുമരനെല്ലൂർ സ്ക്കൂൾ 3 കോടി, ഗോഖലെ 3 കോടി, ആനക്കര 3 കോടി, മേഴത്തൂർ 3 കോടി, ചാത്തന്നൂർ 3 കോടി, ഡയറ്റ് ലാബ് സ്ക്കൂൾ 3 കോടി എന്നിവയാണ് പ്രഖ്യാപനത്തിൽ മാത്രം നിൽക്കുന്നവയിൽ ചിലത്. പാലക്കാട് ജില്ലയിൽ മാത്രം ഇങ്ങനെ 60 ഓളം സ്ക്കൂളുകളുണ്ട്. തുടർ ഭരണത്തിലെങ്കിലും ഇവ യാഥാർത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. കക്കാട്ടിരി, കോതച്ചിറ എന്നിവയെ ഹൈസ്ക്കൂളായി ഉയർത്തുന്നതും സർക്കാർ തലത്തിൽ യാഥാർത്ഥ്യമാക്കാവുന്ന വികസന സ്വപ്നമാണ്.
10) ചാത്തന്നൂരിലെ കമ്മ്യൂണിറ്റി സ്ക്കിൽ പാർക്കും കൂറ്റനാട്ടെ കൗശൽ കേന്ദ്രയും കൂടുതൽ ആധുനികവും ഉപകാരപ്രദവുമായ കോഴ്സുകൾ ആരംഭിച്ച് മികച്ച നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കി വികസിപ്പിക്കേണ്ടതാണ്.

11) ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷം സർക്കാർ ബജറ്റിലൂടെ അംഗീകരിച്ച കുമരനെല്ലൂരിലെ മഹാകവി അക്കിത്തം സ്മാരകം യാഥാർത്ഥ്യമാവണം. ഒരു മികച്ച സാഹിത്യ ഗവേഷണ സ്ഥാപനമായി അത് വളർത്തിയെടുക്കപ്പെടണം.

12) വെള്ളിയാങ്കല്ലിൻ്റെ ടൂറിസം സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണം. കഴിഞ്ഞ അഞ്ച് വർഷമായി നാമമാത്രമായ ഫണ്ടാണ് ഇവിടേക്ക് ടൂറിസം വകുപ്പ് അനുവദിക്കുന്നത്. പന്നിയൂർ തുറ, കൂറ്റനാട് ടിപ്പുവിൻ്റെ കോട്ട അടക്കമുള്ളിടത്തും പുതിയ ടൂറിസം പദ്ധതികൾക്കായി പണമനുവദിക്കാൻ സർക്കാരിന് കഴിയും.

13) സ്പോർട്ട്സിനോട്, പ്രത്യേകിച്ച് ഫുട്ബോളിനോട് വലിയ താത്പര്യമുള്ള ഒരു നാടാണിത്. ചാത്തന്നൂരിൽ പൂർത്തിയാക്കിയ ഫുട്ബോൾ ടർഫിനും സിന്തറ്റിക് ട്രാക്കിനോടുമൊപ്പം ഇനി ഗാലറിയും ഹോസ്റ്റൽ സൗകര്യവുമൊരുക്കി ഒരു സ്പോർസ് സ്ക്കൂളായി അതിനെ മാറ്റണം. തൃത്താലയിലെ ഇൻഡോർ സ്റ്റേഡിയത്തേയും പഞ്ചായത്ത് സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കണം. പരുതൂർ അടക്കമുള്ളിടത്ത് പുതിയ ഗ്രൗണ്ടുകൾക്കുള്ള മുറവിളി ശക്തമാണ്.

Read Also  :  പ്രവാസികൾക്ക് തിരിച്ചടി; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ വിലക്കുമായി കുവൈത്ത്

14) കോടനാട്ടെ ടാർ മിക്സിംഗ് പ്ലാൻ്റ് അടക്കം വലിയ പരിസ്ഥിതിനാശം വരുത്തി വയ്ക്കുന്ന ചില സ്ഥാപനങ്ങൾ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായി നിലനിൽക്കുന്നത് ഒന്നാം പിണറായി സർക്കാരിൻ്റെ സംരക്ഷണയിലാണ്. തുടർ ഭരണത്തിലെങ്കിലും ജനങ്ങൾക്കനുകൂലമായ എന്തെങ്കിലും മാറ്റമുണ്ടാവാൻ ആഗ്രഹിക്കുന്നു. തത്വദീക്ഷയില്ലാത്ത ചെങ്കൽ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിലം നികത്തലും തൃത്താലയുടെ പരിസ്ഥിതിയേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്ന് വീണ്ടും വ്യാപകമായി മണലെടുത്ത് ലാഭമൂറ്റാൻ തക്കം പാർത്തിരിക്കുന്ന ലോബികളും സജീവമാണ്. പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ പുതിയ സർക്കാരിൻ്റേയും ജനപ്രതിനിധിയുടേയും ഇടപെടൽ ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുന്നു.

15) സർക്കാരിലെ ചിലരുടെ നിക്ഷിപ്ത അജണ്ടകൾ കാരണം ജനങ്ങൾക്ക് ഇനിയും പ്രയോജനക്ഷമമാവാത്ത കൂറ്റനാട് ടേയ്ക് എ ബ്രേയ്ക്ക് പോലുള്ള വിവാദ പദ്ധതികളുടെ കാര്യത്തിൽ ഇനിയെങ്കിലും ഉചിതമായ തീരുമാനമുണ്ടാവണം. വികസന കാഴ്ചപ്പാടുകളും മുൻഗണനകളും കാലാകാലങ്ങളിൽ മാറിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമെന്ന് തോന്നിയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ. എന്തു തന്നെയായിരുന്നാലും നാടിൻ്റെ നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പുതിയ ജനപ്രതിനിധിയോട് പൂർണ്ണമായും സഹകരിക്കുന്ന തീർത്തും ജനാധിപത്യപരവും ഉത്തരവാദബോധവുമുള്ള സമീപനമായിരിക്കും യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള നാല് പഞ്ചായത്ത് ഭരണസമിതികളും സ്വീകരിക്കുക എന്നുറപ്പ് തരുന്നു.

Read Also  :  രമേഷ് പിഷാരടിക്ക് നേരെ സൈബര്‍ സഖാക്കളുടെ കൂട്ട ആക്രമണം, പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃത്താലയുടെ വികസന ഭാവിയുടെ ബറ്റോൺ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ പ്രതിനിധിക്ക് സന്തോഷപൂർവ്വം കൈമാറുന്നു. അധികാരത്തിൻ്റെയും പദവികളുടേയും ആടയാഭരണങ്ങളില്ലാതെ, പൊതു ജീവിതത്തിൻ്റെ നൈരന്തര്യത്തിൽ, തൃത്താലയിലെ ഏറ്റവും സാധാരണ സിറ്റിസണായി, എൻ്റെ പ്രിയപ്പെട്ട നാട്ടിൽ ഞാനുണ്ടാവും. എന്നും.

https://www.facebook.com/vtbalram/posts/10158495196069139

shortlink

Related Articles

Post Your Comments

Related Articles


Back to top button