KeralaLatest NewsNews

രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി, ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല : മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുമരാമത്ത് വകുപ്പും മന്ത്രി മുഹമ്മദ് റിയാസുമാണ് വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെ ജനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നു. മിന്നല്‍ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ട്രോളുകളില്‍ പ്രതികരിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയായതിനാല്‍ ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെയെന്നും മന്ത്രിയായിടത്തോളം കാലം മിന്നല്‍ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also : ‘ഹലാൽ ഉൾപ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നു’: കെ സുരേന്ദ്രന്‍

മന്ത്രിയെന്ന നിലയില്‍ പ്രഖ്യാപനം നടത്തി അകത്തിരിക്കാന്‍ കഴിയില്ല. പരിശോധനകള്‍ ജനം അറിയണം. ഇനിയും പരിശോധനകളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ പൊളിഞ്ഞു കിടക്കുന്ന പഴംകുറ്റി-മംഗലപുരം റോഡ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

പഴംകുറ്റി -മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രെയിനേജ് സംവിധാനത്തോടെയുള്ള റോഡാകും നിര്‍മ്മിക്കുക. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മഴ മാറിയാല്‍ അടുത്ത ദിവസം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വാട്ടര്‍ അതോറിറ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. റോഡ് നിര്‍മ്മാണത്തില്‍ പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതി അറിയിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ റോഡുകളിലും കരാറുകാരുടെ പേരും പരിപാലന കാലാവധിയും നമ്പറുമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. മഴക്കാലത്തും റോഡ് പണി നടത്തുന്നതിനെ കുറിച്ചുളള പരിശോധനകള്‍ നടക്കുകയാണ്. ഇതിനായി മലേഷ്യയിലെ സാങ്കേതിക വിദ്യ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button