Latest NewsKerala

സന്ദീപിന്റെ ജന്മദിനം ഇന്ന്: ഭർത്താവിനായി സുനിത വാങ്ങിയ സമ്മാനത്തോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ

പിറന്നാളുകാരനു സമ്മാനമായി ആ ഷർട്ട് വാങ്ങുമ്പോൾ ഭാര്യ ഒരിക്കലും ചിന്തിച്ചു കാണില്ല അതിങ്ങനെ ഭർത്താവിന്റെ ജീവനറ്റ ശരീരത്തിന് സമർപ്പിക്കണം എന്ന്.

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ ജന്മദിനം ഇന്നാണ് (ഡിസംബർ 4). സന്ദീപിന്റെ ചിതയിൽ ഭാര്യ സുനിത വാങ്ങിയ ചുവന്ന ഉടുപ്പൊരെണ്ണം എരിഞ്ഞടങ്ങിയിട്ടുണ്ട്. അച്ഛൻ ഇനി മടങ്ങില്ലെന്ന് മനസിലാകാതെ ഒരു രണ്ട് വയസുകാരനും രണ്ട് മാസം പ്രായമുള്ള കുഞ്ഞും കാത്തിരുപ്പുണ്ട്. പിറന്നാളുകാരനു സമ്മാനമായി ആ ഷർട്ട് വാങ്ങുമ്പോൾ ഭാര്യ ഒരിക്കലും ചിന്തിച്ചു കാണില്ല അതിങ്ങനെ ഭർത്താവിന്റെ ജീവനറ്റ ശരീരത്തിന് സമർപ്പിക്കണം എന്ന്.

സന്ദീപത്തിന്റെ വിയോഗം കുടുംബത്തിലും രാഷ്ട്രീയത്തിലും തീരാ വിടവ് തന്നെയാണ്. പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. ഇവിടെനിന്നാണ് ഭർത്താവിനെ അവസാനമായി കാണാനായി സുനിത എത്തിയത്. സന്ദീപിന്റെ ശരീരത്തോട് ചേർത്ത് വെച്ച ആ ചുവന്ന ഷർട്ട് എല്ലാവരെയും കണ്ണീരിലാഴ്ത്തി. വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്.

നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം.അതിനിടെ കേസിലെ അഞ്ചാം പ്രതി അഭിയും പിടിയിലായി. ആലപ്പുഴ ജില്ലയിലെ എടത്വയിൽ നിന്നാണ് അഭി അറസ്റ്റിലായത്.

ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരെ ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്.

read also: ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി

ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. എന്നാൽ ഇതെല്ലം തള്ളി കൊലയ്ക്ക് പിന്നിൽ ബിജെപി ആണെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ ഉള്ളത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് വിശദീകരിക്കുകയാണ് ബിജെപി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button