KeralaLatest NewsNews

ജീവനെടുക്കുന്ന ‘വണ്ടി’കൾ ഇനി തല്ലിപ്പൊളിക്കും: മുഹമ്മദ് നിഷാമിന്റെ ഹമ്മർ പൊളിക്കാൻ നീക്കം, ലക്ഷ്യമിത്

തിരുവനന്തപുരം: കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിച്ചുനീക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര വാഹനമായിരിക്കും ആദ്യം പൊളിക്കുക. നിഷാമിന്റെ ഹമ്മറിന്റെ വാഹന റജിസ്ട്രഷൻ (ആർസി) റദ്ദാക്കി പൊളിക്കാനാണ് നീക്കം. ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിലാണ് നിഷാമിന്റെ ആഡംബര കാർ സൂക്ഷിച്ചിരിക്കുന്നത്.

കണിച്ചുകുളങ്ങര എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നൽകാൻ മോട്ടർവാഹന വകുപ്പ് ഡിജിപി അനിൽ കാന്തിന് കത്തു നൽകി. കൊലക്കേസ് പ്രതികൾ കൊള്ളയ്ക്കായി ഉപയോഗിക്കുന്ന, അല്ലെങ്കിൽ കൊലപാതകം നടക്കുന്ന സമയത്ത് ഉപയോഗിച്ച വാഹനവും ഇനിമുതൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. വാഹനം വാടയ്ക്കാണെങ്കിലും സ്വന്തമാണെങ്കിലും ഇതേ നടപടി തന്നെയാകും ഉണ്ടാവുക.

കുറ്റകൃത്യങ്ങൾക്കു വാഹനം കിട്ടാത്ത സ്ഥിതി വരണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനമെന്നും, കുറ്റകൃത്യങ്ങൾക്കായി വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button