KeralaLatest NewsNews

കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിനായ് അരങ്ങുണർന്നു

കോഴിക്കോട്: സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 61- മത്  കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവുകളുടെ മാറ്റുരക്കലാണ് ഇവിടെ നടക്കുന്നത്. എല്ലാവരുടെയും കഴിവുകൾ ഒത്തുചേരുമ്പോള്‍ അതൊരു വലിയ ഉത്സവമായി മാറും. അതാണ് സ്കൂള്‍ കലോത്സവത്തിന്‍റെ പ്രത്യേകത. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒത്തുചേരാനും ആഘോഷിക്കാനും സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഈ ആഘോഷം ഒരു ഉത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയെ സംബന്ധിച്ച് ഈ കലോത്സവ പരിപാടി ഇവിടെ അവസാനിക്കുന്നില്ല. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുകയാണ്. പുതിയകാലത്തിന്‍റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി സംസ്ഥാന സ്കൂള്‍ കലോത്സവം വിജയിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്ടുകാർ കാത്തുസൂക്ഷിക്കുന്ന ആതിഥേയത്വവും തനിമയും പാരമ്പര്യവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരെ ആകര്‍ഷിക്കണം. അത്തരത്തില്‍ ഏറ്റവും മാതൃകാപരമായ ഒരു കലോത്സവമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തെ മാറ്റാൻ കഴിയണം. സ്കൂൾ കലോത്സവങ്ങൾ കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിൻ്റെ മതനിരപേക്ഷ മനസുകളാണ് കലോത്സവങ്ങളെ വിജയത്തിലെത്തിക്കുന്നത്. കലോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചരണവും നടക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ പിടിമുറുക്കാൻ സാധ്യതയേറെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.കെ രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയായി. എം.എൽ.എമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ, ജനപ്രതിനിധികളായ കെ.കെ വനജ, സിന്ധു പ്രേമൻ, പി സജീവ് കുമാർ, പ്രേമകുമാരി, ആർ.ഡി.ഡി പി.എം അനിൽ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കിം, മറ്റ് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button