Latest NewsKerala

കെ സുരേന്ദ്രന്റെ യോഗത്തിന് അനൗണ്‍സ്‌മെന്റ് നടത്തിയ ജീപ്പ് തടഞ്ഞ് ഡ്രൈവറെ സിപിഎം ആക്രമിച്ചു

2018-ൽ പ്രളയമുണ്ടായപ്പോൾ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് രാത്രി മണിക്കൂറുകൾ ജ്യോതി അനൗൺസ്‌മെന്റ് നടത്തി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

റാന്നി : പെരുനാട്ടിൽ ഞായറാഴ്ച ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ അനൗൺസ്‌മെന്റ് നടത്തിക്കൊണ്ടിരുന്ന ജീപ്പ് ഒരു സംഘം ആൾക്കാർ തടഞ്ഞ് ഓടിച്ചിരുന്ന ഉടമയെ മർദ്ദിച്ചു. മിക്‌സറും ആംപ്ലിഫെയറുമടക്കം സാധനങ്ങൾക്ക് നാശം വരുത്തി. മർദ്ദനമേറ്റ സൗണ്ട്‌സ് ഉടമ ടി.ജ്യോതിമോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈഎഫ്.ഐ.പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു.

സി.പി.എം.നേതാവിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഇവർ പറഞ്ഞു. പെരുനാട്ടിൽ സി.പി.എം-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ പഞ്ചായത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നടന്നുവരികയാണ്. വ്യക്തിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള അനൗൺസ്‌മെന്റ് നടത്തിയതാണ് സംഭവത്തിന് കാരണമെന്നും കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പെരുനാട് പോലീസ് അറിയിച്ചു. വിശദീകരണ യോഗത്തിന്റെ അനൗൺസ്‌മെന്റ് രാവിലെ 9.30 മുതൽ നടന്നുവരികയായിരുന്നു. ജ്യോതി മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്.

സംഭവത്തെ പറ്റി ജ്യോതിയുടെ മൊഴി ഇങ്ങനെ,

നാലുമണിയോടെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഫോണിൽ വിളിച്ചു. അനൗൺസ്‌മെന്റിന് അനുവാദം നൽകിയിട്ടില്ലെന്നും നിങ്ങളെ ഉപദ്രവിക്കാൻ ആൾക്കാർ എത്തുന്നുണ്ടെന്നും അറിയിച്ചു. എത്രയുംവേഗം അനൗൺസ്‌മെന്റ് നിർത്തി ബോക്‌സും മറ്റും അഴിച്ച് മാറ്റി പോലീസ് സ്‌റ്റേഷനിലേക്ക് ജീപ്പുമായി എത്താനും നിർദ്ദേശിച്ചു. ഉടൻ മൈക്ക് ഓഫ് ചെയ്ത് ജീപ്പ് മുന്നോട്ടെടുത്തപ്പോഴേക്കും ബൈക്കിലെത്തിയ രണ്ടുപേർ വാഹനം തടഞ്ഞുനിർത്തി താക്കോലൂരിയെടുത്തു. ജീപ്പിലുണ്ടായിരുന്ന പെൻഡ്രൈവും കൈവശപ്പെടുത്തി. ഇതിനുള്ളിൽ കുറെ പേർ ബൈക്കിലെത്തി തന്നെ അടിച്ചുവീഴ്ത്തി.

ജീപ്പിലുണ്ടായിരുന്ന ആംപ്ലിഫെയറും മിക്‌സറും പുറത്തേക്ക് എറിഞ്ഞ് നശിപ്പിച്ചു. വീണ്ടും മർദ്ദനം തുടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തി ബലമായി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കൊന്നുകളയുമെന്നും ജീപ്പ് കത്തിക്കുെമന്നും പറഞ്ഞ് വീണ്ടും ഓടിയടുത്തപ്പോഴേക്കും താൻ കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

2018-ൽ പ്രളയമുണ്ടായപ്പോൾ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് രാത്രി മണിക്കൂറുകൾ ജ്യോതി അനൗൺസ്‌മെന്റ് നടത്തി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സമയം സ്വന്തം കട വെള്ളത്തിൽ മുങ്ങി 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജ്യോതി പറഞ്ഞു. ഒരുരൂപ പോലും ആരും തന്ന് സഹായിച്ചില്ല -ജ്യോതിമോൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button