Gulf

പ്രവാസികളേ ഇവരെ സൂക്ഷിക്കുക: അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ

ദുബായ്● വാഹനവില്പനയുടെ മറവില്‍ തട്ടിപ്പ് നടത്തുന്ന സംഘം യു.എ.ഇയില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങിയ ശേഷം പണം നല്‍കാതെ വണ്ടി ചെക്ക് നല്‍കി കബളിപ്പിക്കുകയാണ് സംഘത്തിന്റെ രീതി. വാഹനം വില്‍പന നടത്തിയ ആള്‍ ചെക്കുമായി ബാങ്കില്‍ ചെല്ലുമ്പോഴാണ് തട്ടിപ്പ് മനസിലാക്കുക.

കാസര്‍ഗോഡ്‌ സ്വദേശിയായ ബഷീര്‍ എന്ന യുവാവ് തട്ടിപ്പിന്റെ കെണിയില്‍ വീണതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇത്തരത്തില്‍ മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതായാണ് വിവരം.

നാട്ടില്‍ നടന്നുകൊണ്ടിരുന്ന വീടുപണിയ്ക്ക് പണം കണ്ടെത്തുന്നതിനയാണ്‌ ബഷീര്‍ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റില്‍ പരസ്യം ചെയ്തിരുന്നു. ഇവിടെ നിന്നും നമ്പര്‍ സംഘടിപ്പിച്ചാണ് രണ്ടംഗ തട്ടിപ്പ് സംഘം ബഷീറിനെ വിളിക്കുന്നത്. 95,000 ദിര്‍ഹമാണ് ബഷീര്‍ ആവശ്യപ്പെട്ടതെങ്കിലും ഒടുവില്‍ 2000 ദിര്‍ഹം കുറച്ചു 93,000 ദിര്‍ഹത്തിലാണ് കച്ചവടമുറപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ ഈ തുകയുടെ ചെക്കാണ് ഇവര്‍ ബഷീറിന് നല്‍കിയത്. തുടര്‍ന്ന് വാഹനം സംഘത്തിന് രജിസ്റ്റര്‍ ചെയ്തുനല്‍കുകയും ചെയ്തു. ചെക്കുമായി ബഷീര്‍ ബാങ്കില്‍ ചെന്നപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബഷീര്‍ വാഹനം വാങ്ങിയവരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പണമിടപാടില്‍ ചില സാങ്കേതികബുദ്ധിമുട്ടുകള്‍ വന്നതായി അറിയിക്കുകയും 93,000 ത്തിന്റെ പുതിയൊരു ചെക്ക് കൂടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ചെക്കും ബാങ്കില്‍ നല്‍കിയപ്പോള്‍ പണമില്ലാതെ മടക്കുകയായിരുന്നു.

ബഷീര്‍ ദുബായ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നിസഹായത അറിയിക്കുകയായിരുന്നു. ബഷീറിന്റെ പൂര്‍ണ സമ്മതത്തോടെ രജിസ്‌ട്രേഷന്‍ നടക്കുകയും ചെക്ക് ലഭിക്കുകയും ചെയ്തതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

വാഹന ഇടപാടുകള്‍ നടത്തുമ്പോള്‍ രജിസ്‌ട്രേഷനുപുറമെ പണം പൂര്‍ണ്ണമായും കൈയില്‍ കിട്ടിയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടുമെന്നും പോലീസ് ബഷീറിനെ ബോധ്യപ്പെടുത്തി. ബഷീര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ താന്‍ വില്‍പന നടത്തിയ കാര്‍ ദുബായില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്ന് വ്യക്തമായിട്ടുണ്ട്. സമാനരീതിയില്‍ വാഹനം വില്‍ക്കാന്‍ പരസ്യംനല്‍കിയ മറ്റുചിലരും വഞ്ചിക്കപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 96.7 എഫ് എം റേഡിയോയിലൂടെ യാണ് ബഷീര്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button