Latest NewsNewsIndia

ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു

പനജി: ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കർ പൊതുസ്ഥലത്തെ മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.ഇത്തരത്തിൽ ഒരു നീക്കം മദ്യപാനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണെന്ന് പനജിയിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് എക്സൈസ് ആക്ടിൽ ആവശ്യം വേണ്ട ഭേദഗതികൾ കൊണ്ടുവരും. അടുത്തമാസത്തോടെ പുതിയ നിയമം നിലവിൽ വരും. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള നവംബറിലാണ് ഗോവയിൽ നടക്കുക. ഗോവയിലെ ടൂറിസം സീസണിന്റെയും തുടക്കം ഇതോടനുബന്ധിച്ചാണ്. പൊതുസ്ഥലത്തെ പുകവലിക്ക് ഗോവയിൽ നിരോധനമുണ്ടെങ്കിലും മദ്യപാനത്തിന് കാര്യമായ വിലക്കില്ല.

മദ്യത്തിന് വിലക്കുറവായതിനാൽത്തന്നെ പൊതുസ്ഥലത്ത് മദ്യപാനവും സുലഭം. ചലച്ചിത്രമേള സമയത്ത് ബിയർ പാർലറുകളും പൊതുസ്ഥലങ്ങളിൽ തുറക്കാറുണ്ട്. സർക്കാർ അനുമതിയോടെയാണ് ഇത്. കാർണിവലുകളിലും ടൂറിസം മേളകളിലുമെല്ലാം ഇത്തരത്തിൽ പെതുസ്ഥലങ്ങളിൽ താത്കാലിക ‘ബിയർ പബ്’ കാണാം. ഇവയ്ക്കുൾപ്പെടെ നിരോധനം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിലെ എക്സൈസ് ആക്ടിൽ ഭേദഗതി വരുത്തി ഒക്ടോബർ അവസാനത്തോടെ വിജ്ഞാപനവും പുറത്തിറക്കാനാണ് നീക്കം. 1964ലെ ഗോവ, ദാമൻ ആൻഡ് ദിയു എക്സൈസ് ആക്ട് പ്രകാരമാണ് നിലവിൽ ഗോവയിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button