NewsInternational

ജപ്പാന്‍ തീരങ്ങളില്‍ ഓര്‍ മത്സ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു

 

ടോക്യോ: ജപ്പാന്‍കാരുടെ വിശ്വാസങ്ങളില്‍ പലതും സമുദ്രവുമായി ബന്ധപ്പെട്ടവയാണ്. സുനാമിയും ഫുക്കുഷിമ ദുരന്തവുമെല്ലാം സമുദ്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയുണ്ടായവയാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും ജപ്പാനിലുണ്ട്. അന്ധവിശ്വാസമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇവ അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ കഴിയില്ല. അതില്‍ പ്രധാനപ്പെട്ട ഒരു കഥയാണ് ഓര്‍ മത്സ്യങ്ങളുടെ മുന്നറിയിപ്പ്.

സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വസിക്കുന്ന അപൂര്‍വ്വ ഇനമായ ഓര്‍ മത്സ്യങ്ങള്‍ സാധാരണയായി മനുഷ്യര്‍ക്ക് പിടികൊടുക്കാറില്ല. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കോ ഗവേഷകര്‍ക്കോ വളരെ അപൂര്‍വ്വമായി മാത്രമെ ഓര്‍ മത്സ്യങ്ങളെ കാണാന്‍ പോലും കഴിയാറുള്ളു. 1996ല്‍ സാന്റിയാഗോ തീരത്തടിഞ്ഞ ഓര്‍ മത്സ്യത്തിന് ഏതാണ്ട് 23 അടി നീളമുണ്ടായിരുന്നു. വലിപ്പത്തില്‍ ഭീമന്മാരായ ഓര്‍ മത്സ്യങ്ങളെ പിന്നീടും നിരവധി തവണ പല തീരങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊരു മുന്നറിയിപ്പാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

ജാപ്പനീസ് ഭാഷയില്‍ ഈ മത്സ്യങ്ങളെ ‘റ്യുഗു നോ സുകായി’ എന്നാണ് വിളിക്കുന്നത്. കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. കടലില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ അത് മുന്നറിയിപ്പുമായി തനിയെ തീരത്ത് വന്നടിയും എന്നാണ് വിശ്വാസം. ഫുക്കുഷിമ ദുരന്തത്തിനും സുനാമിക്കും മുന്‍പ് പതിമൂന്നിലധികം ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്തടിഞ്ഞിരുന്നു. പക്ഷേ ഈ കഥയ്ക്ക് യാതൊരു ശാസ്ത്രീയ വിശകലനവും നല്‍കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. 2011ല്‍ ഫുകുഷിമ ഭൂകമ്പത്തിലും സുനാമിയിലും ആള്‍നാശമുണ്ടായത് ഓര്‍ മത്സ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതു മൂലമാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button