Latest NewsKeralaConstituencyElection 2019

തെരഞ്ഞെടുപ്പ് പൂരത്തിനൊരുങ്ങി തൃശൂര്‍; കാണാന്‍ പോകുന്നത് ശക്തമായ ത്രികോണമത്സരം

പൂരമെന്നു പറഞ്ഞാല്‍ ഏവര്‍ക്കും പ്രിയം തൃശൂര്‍ പൂരം തന്നെ. എന്നാല്‍ തൃശൂരിലിപ്പോള്‍ പൊടിപാറുന്നത് തെരഞ്ഞെടുപ്പ് പൂരമാണ്. നൂല്‍നൂറ്റു ജീവിച്ചിരുന്ന സാധാരണ കോണ്‍ഗ്രസ് നേതാവ് സി.ആര്‍.ഇയ്യുണ്ണിക്കു വോട്ട് ചെയ്തു തൃശൂരുകാര്‍ ജോസഫ് മുണ്ടശ്ശേരിയെ തോല്‍പിച്ചിട്ടുണ്ട്. തൃശൂരിന്റെ ചങ്കാണെന്നു കരുതിയിരുന്ന കെ. കരുണാകരനെ, വി.വി.രാഘവനു വോട്ട് ചെയ്തു തോല്‍പിച്ചിട്ടുണ്ട്.കെ.കരുണാകരന്റെ തോറ്റ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ പിറ്റേ ദിവസം തൃശൂരുകാര്‍ ലീഡറെ പാവം പറഞ്ഞു. എന്നിട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ മകന്‍ കെ. മുരളീധരനെയും തോല്‍പിച്ചു. അതു വേറെ കാര്യം.

16 തെരഞ്ഞെടുപ്പുകളില്‍ 10 തവണ സിപിഐയെയും 6 തവണ കോണ്‍ഗ്രസിനെയും വിജയിപ്പിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റി നടന്ന സ്ഥലമാണിത്. ഇഎംഎസും ഹര്‍കിഷന്‍സിങ് സുര്‍ജിത്തും വി.എസ്.അച്യുതാനന്ദനും പങ്കെടുത്ത കമ്മിറ്റി. പക്ഷേ, 1971ലും ’77ലും സിപിഐയുമായി നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ സിപിഎം തോറ്റു. സിപിഐയുടെ തറവാടാണിതെന്നു പറയാം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കെ.കെ.വാരിയരും സി.ജനാര്‍ദനനും കെ.എ.രാജനും വി.വി. രാഘവനും രണ്ടുതവണ വീതം ജയിച്ചു; 2004ല്‍ സി. കെ.ചന്ദ്രപ്പനും കഴിഞ്ഞതവണ സി. എന്‍.ജയദേവനും ജയിച്ച മണ്ഡലമാണ് തൃശ്ശൂര്‍. സിപിഐയുടെ സ്വന്തം തട്ടകമാണ് തൃശൂര്‍ എന്നു പറയുമ്പോഴും പലപ്പോഴും മണ്ഡലം കോണ്‍ഗ്രസിന്റെ കൈകളിലായി. വിരുന്നുവന്ന കോണ്‍ഗ്രസുകാരായ പി.സി.ചാക്കോയെയും എ.സി.ജോസിനെയും തൃശൂര്‍ ദേശീയബോധത്തോടെ ജയിപ്പിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ 2009ല്‍ ജയിച്ചത് 25,151 വോട്ടിനാണ്. ജയദേവന്‍ 2014ല്‍ ജയിച്ചതു 38,227 വോട്ടിനും. എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സ്.

2019ലെ തെരഞ്ഞെടുപ്പ് പൂരത്തിന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതും അനുഭവ സമ്പന്നരായ മൂന്ന് നേതാക്കള്‍ തന്നെ. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചത് തുഷാര്‍ വെള്ളാപ്പള്ളി, എന്നാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് രാഹുലിനെ ഇറക്കി തെരഞ്ഞെടുപ്പിന്റെ മുഖച്ഛായ തന്നെ മാറ്റിയ സാഹചര്യത്തില്‍ ശക്തമായ പോരാട്ടത്തിനായി തുഷാറിനെ വയനാട്ടിലേക്കയക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി എം.പിയുടെ സിനിമാസ്‌റ്റൈല്‍ മാസ് എന്‍ട്രിയുണ്ടാകുന്നത്. എംഎല്‍എയും എഐഎസ്എഫ് ദേശീയ നേതാവും ലോക ജനാധിപത്യ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായിരുന്ന രാജാജി മാത്യു തോമസിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ പുതുതലമുറ നേതാവുമായ ടി.എന്‍.പ്രതാപന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും.

സുരേഷ് ഗോപിക്കു പല മുഖങ്ങളുണ്ട്. സ്‌ക്രീനുകളില്‍ തീകോരിയിട്ട താരം, കാരുണ്യത്തിന്റെ നിറഞ്ഞ കണ്ണുമായി റിയാലിറ്റി ഷോകളില്‍ നിറഞ്ഞയാള്‍, ഒടുവില്‍ രാഷ്ട്രീയത്തിലെ താരമുഖമായി. ഇതിനൊക്കെയപ്പുറം, ഏതു പ്രതിസന്ധിയിലും തുണയായി എത്തുന്ന സുഹൃത്തായി സുരേഷ് ഗോപിയെ അറിയാവുന്നവരും ഏറെ. അദ്ദേഹം വരുമ്പോഴേക്കും തൃശൂരില്‍ മുണ്ടുമുറുക്കിയുടുത്തു നില്‍ക്കുന്നത് ഇത്തരക്കാരാണ്. സുരേഷ് ഗോപിയുടെ നേട്ടവും അതുതന്നെ.എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ആഞ്ഞടിക്കുന്ന ശീലക്കാരനായ എം പി എല്ലാവിധ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലുകള്‍ നടത്തും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹം എന്‍ഡിഎയുടെ ഒരു ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണ്. ബി ജെ പിയുടെ സാധ്യത മണ്ഡലങ്ങളുടെ പട്ടികയില്‍ എ ക്ലാസ്സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട തൃശ്ശൂരില്‍ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം. സ്വകാര്യ തിരക്കുകളുടെ പേരില്‍ ആദ്യം മത്സര രംഗത്തു നിന്ന് മാറി നിന്ന സുരേഷ് ഗോപിയെ തന്നെ തൃശ്ശൂരിലേക്ക് അയക്കുന്നതിനും കാരണം ഇതും കൂടിയാണ്. ശക്തനായ ബി ജെ പി സ്ഥാനാര്‍ഥി തന്നെ മത്സരത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍

ഇല്ലായ്മകളില്‍നിന്നു വളര്‍ന്ന് സംഘടനയുടെ എല്ലാ പടവുകളും കയറിവന്നവരാണ് എംഎല്‍എമാരായിരുന്ന രാജാജിയും പ്രതാപനും. രണ്ടുപേരും സമൂഹമാധ്യമങ്ങളുടെ ലൈക്കും ഷെയറും തണലുമില്ലാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ചൂടില്‍ വളര്‍ന്നവരാണ്.കഴിഞ്ഞ ലോക്‌സഭയില്‍ സിപിഐയുടെ ഏക സീറ്റായിരുന്നു തൃശ്ശൂര്‍. അതുകൊണ്ടുതന്നെ, താഴത്തുവച്ചാല്‍ ഉറുമ്പരിക്കും തലയില്‍വച്ചാല്‍ പേനരിക്കും എന്നു പറയുന്നതുപോലെയാണ് രാജാജി മാത്യു തോമസിനെ ഇവിടെ മത്സരിപ്പിക്കുന്നത്.
ദാരിദ്ര്യത്തിന്റെ കയ്പ് ഏറെ അനുഭവിച്ചുവളര്‍ന്ന നേതാവാണ് മത്സ്യത്തൊഴിലാളിയായ ടി. എന്‍.പ്രതാപന്‍. സ്‌കൂളില്‍ കെഎസ്യു ക്ലാസ് ലീഡറില്‍ തുടങ്ങി പഞ്ചായത്ത് അംഗവും എംഎല്‍എയുമായി പടിപടിയായുള്ള വളര്‍ച്ച. ഒരു തവണപോലും കെട്ടിയിറക്കാന്‍ അണിയറയില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ദേശീയ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരിക്കെ, പ്രതാപനെ തനിക്കുവേണമെന്നു രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞു.

രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്നങ്ങള്‍ ഇത്തവണയും തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഐക്യകേരള പിറവിക്ക് ശേഷം നടന്ന 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടത് ചേരിക്കൊപ്പം നിന്ന ചരിത്രമാണ് തൃശൂര്‍ ലോകസഭ മണ്ഡലത്തിനുള്ളത്. ഇത്തവണ കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാന്‍ യുഡിഎഫും സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തയ്യാറെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ മണ്ഡലത്തെ സമീപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button