Latest NewsEditorial

വയനാടും മലപ്പുറവും തേങ്ങുമ്പോള്‍ നമുക്കൊന്നിച്ച് കൈകോര്‍ക്കാം, ദുരന്തമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാം

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുവന്നുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിലരിക്കല്‍ സംഭവിക്കുന്നതല്ല പ്രളയമെന്ന്്് മനുഷ്യനെ ബോധ്യപ്പെടുത്തി പേമാരി തകര്‍ത്ത് പെയ്യുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിലായി പൊടുന്നനേ ദുരിതത്തിലായത്. വയനാടും മലപ്പുറത്തും മലയിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ കനത്ത മഴയില്‍ വെള്ളം കയറി ഗതാഗതം താറുമാറായതിനാല്‍ മിക്കയിടത്തും യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ദുരന്തം സംഭവിച്ചിടത്തെത്തി ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും ഇപ്പോള്‍ പലപ്രദമല്ല. കേരളത്തിന് അകത്തും പുറത്തുമായി പലരും ബന്ധുക്കളുടെ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ സമൂഹമാധ്യമങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും കേരളം വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സംസ്ഥാനത്ത് പ്രതികൂല സാഹചര്യത്തില്‍ അവധി ഒഴിവാക്കി ജോലിക്കെത്താന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു.

ALSO READ: പുത്തുമലയിലെ അവശിഷ്ടങ്ങളില്‍ ജീവൻ കൈവിടാതെ ഒരാൾ : മണ്ണിനടിയിൽ കഴിച്ചു കൂട്ടിയത് 24 മണിക്കൂർ

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലേക്ക് എന്‍ഡിആര്‍എഫ് സംഘം എത്താന്‍ വൈകിയെന്നാണ് ആരോപണം. വ്യാഴാഴ്ച്ച രാത്രിയില്‍ നടന്ന ഉരുള്‍പൊട്ടലില്‍് കവളപ്പാറയിലെ ഒരു പ്രദേശമാകെ ഒലിച്ചുപോയത് കേരളം വളരെ വൈകിയാണ് അറിഞ്ഞത്. കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റും ഇല്ലാതായതിനാല്‍ കേരളത്തിന്റെ അവസ്ഥ എന്താണെന്ന് പോലും പലര്‍ക്കും അറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. രാത്രി എട്ടുമണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തേക്ക് അടിയന്തരമായി എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്നത് എന്തുകാരണം കൊണ്ടാണെങ്കിലും വലിയ പോരായ്മ തന്നെയാണ്. കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരിക്കുന്ന വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലും ഇനിയും സഹായമെത്തണം. നൂറേക്കറിലധികം കൃഷി സ്ഥലം ഇവിടെ ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ട. . നിരവധി പേരെ കാണാതായിട്ടുണ്ട്.

ALSO READ: വെള്ളക്കെട്ട് തുടരുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

അതേസമയം കഴിഞ്ഞ പ്രളയക്കെടുതിയില്‍ പരസ്പരം കൈ കോര്‍ത്ത് സഹായത്തിനിറങ്ങിയതുപോലെ ഇത്തവണയും വിവിധ സംഘചനകളും വ്യക്തികളും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. മഴഭീതി ഒഴിഞ്ഞുപോകാത്തതിനാല്‍ ഏഴ് ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പ്രളയവും ഉരുള്‍പൊട്ടലും പേമാരിയും കഷ്ടത്തിലാക്കിയത് യാത്രക്കാരെയാണ്. പലയിടങ്ങളിലും റെയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ യാത്രക്കാര്‍ ട്രെയിനില്‍ പെട്ടുപോയ അവസ്ഥയാണ്. ട്രാക്കില്‍ വെള്ളം കയറിയതും റെയില്‍പാതയിലേക്ക് മണ്ണിടിഞ്ഞ് വീണതുമാണ് ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങാന്‍ കാരണമായത്. അതേസമയം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മഴ വെള്ളം കയറിയത് കാരണം കൊച്ചിയില്‍ ഇറങ്ങേണ്ട എല്ലാ വിമാന സര്‍വീസുകളും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ തീരുമാനമായിരുന്നു. ഇതിനിടെ തങ്ങളുടെ വിമാനത്താവളം തുറന്നു നല്‍കാമെന്ന കൊച്ചി നാവികസേന അറിയിച്ചതും യാത്രക്കാര്‍ക്ക് രക്ഷയായി.

ALSO READ: വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മാറി താമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍പ്പെടരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന മേഖലകളിലുള്ളവര്‍ ഗൗരവമായി തന്നെയെടുക്കണം. അണക്കെട്ട് തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുമെങ്കിലും അതിന് മുമ്പ് തന്നെ സാധനങ്ങള്‍ ഭദ്രമായി സൂക്ഷിച്ച് സ്വയം സുരക്ഷിതരാകാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കഴിഞ്ഞ തവണത്തെ പ്രളയം പഠിപ്പിച്ച വലിയ പാഠം മുന്നിലുള്ളതിനാല്‍ കഴിവതും വേഗം തന്നെ മിക്കവരും സുരക്ഷിതമേഖലകളിലേക്ക് മാറിയിട്ടുണ്ട്. എന്തായാലും സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപനങ്ങളും മാത്രം നോക്കി അതിലെ കുറ്റവും കുറവും കണ്ടുപിടിക്കാതെ ഓരോരുത്തരും തങ്ങള്‍ക്ക് കഴിയുന്നതുപോലെ ദുരന്തബാധിതര്‍ക്ക് സഹായമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ഫണ്ടിലേക്ക് സാമ്പത്തികസ ഹായം നല്‍കരുതെന്നാണ് പ്രളയത്തില്‍ സോഷ്യല്‍മീഡിയയുടെ ആദ്യപ്രതികരണങ്ങളില്‍ ഒന്ന്. മഴപെയ്‌തൊഴിയുമ്പോള്‍ ഏറ്റവും വലിയ നഷ്ടങ്ങളുടെ കഥ പറയുന്ന രണ്ട് ജില്ലകളായിരിക്കും മലപ്പുറവും വയനാടും. രണ്ട് ജില്ലകളിലെയും നൂറ് കണക്കിന് വരുന്ന മനുഷ്യരുടെ ജീവിതത്തിനൊപ്പം ഓരോ മലയാളിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളാണെങ്കിലും ഒരു പ്രതിസന്ധിയില്‍ അത് പരിഹരിക്കുക എന്ന ഒറ്റ ലക്ഷ്യം തന്നെയാണ് ഏവര്‍ക്കും വേണ്ടത്. അത് കാണിക്കാനുള്ള മര്യാദയും സന്‍മനസുമുള്ളവരാണ് മലയാളികള്‍. അത് മുമ്പ് പലതവണ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ മഴക്കെടുതിയും ദുരന്തവും നാം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button