Latest NewsNewsIndia

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി

മഹാബലിപുരം(തമിഴ്‌നാട്): രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകാന്‍ ഈ ചരിത്ര നഗരം : ഏറെ നയതന്ത്ര പ്രാധാന്യമുള്ള മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയ്ക്ക് ഈ ചരിത്രനഗരം ഒരുങ്ങി. പല്ലവകാലഘട്ടത്തിലെ കലാകാരന്മാര്‍ കല്ലില്‍കൊത്തിയ പ്രൗഢിയേറിയ ശില്പങ്ങളാലും മനോഹരമായ തീരദേശത്താലും പ്രസിദ്ധമായ മഹാബലിപുരത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിലുള്ള ഉച്ചകോടി അരങ്ങേറുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന മോദി-ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഈ ചരിത്രനഗരം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാവും.

രാഷ്ട്രനേതാക്കളെ വരവേല്‍ക്കാന്‍ മഹാബലിപുരം ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരം കൂടുതല്‍ സൗന്ദര്യവത്കരിച്ചു. ചെന്നൈയില്‍നിന്ന് മഹാബലിപുരത്തേക്കുള്ള റോഡുകള്‍ മെച്ചപ്പെടുത്തി. സുരക്ഷയ്ക്കായി പോലീസിന്റെ വന്‍പടതന്നെ തയ്യാറായിക്കഴിഞ്ഞു. എങ്ങും നിരീക്ഷണക്യാമറകളാണ്.

വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഷി ജിന്‍ പിങ്ങിനെ പാട്ടും നൃത്തവുമായാണ് വരവേല്‍ക്കുക. ചൈനയില്‍നിന്നെത്തിച്ച കാറിലായിരിക്കും ഷി ജിന്‍ പിങ് റോഡുമാര്‍ഗം മഹാബലിപുരത്തെത്തുക. വൈകീട്ട് കലാസന്ധ്യ ഒരുക്കുന്നുണ്ട്. ചൈനയിലെ സുരക്ഷാമേധാവികളുടെ നിര്‍ദേശമനുസരിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചെന്നൈയിലും മഹാബലിപുരത്തും ഒരുക്കിയിട്ടുണ്ട്. അക്കരെ എന്ന സ്ഥലത്തുനിന്ന് മഹാബലിപുരത്തേക്കുള്ള 20 കിലോമീറ്റര്‍ ദൂരത്തില്‍ 500 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാത്രികാല റോന്തുചുറ്റലും ഊര്‍ജിതമാക്കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന മഹാബലിപുരം പല്ലവ രാജവംശം ഏഴാമത്തെയും എട്ടാമത്തെയും നൂറ്റാണ്ടുകളില്‍ പടുത്തുയര്‍ത്തിയ നഗരമാണ്. പല്ലവരാജാവായ നരസിംഹവര്‍മന്‍ ഒന്നാമനാണ് മാമല്ലപുരം എന്ന നഗരം സൃഷ്ടിച്ചത്. പിന്നീട് മഹാബലിപുരമെന്നും അറിയപ്പെട്ടു. പല്ലവന്‍മാരുടെ വാസ്തുവിദ്യാശൈലികള്‍ ചൈനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. പല്ലവന്‍മാര്‍ക്ക് ചൈനക്കാരുമായി കടല്‍വഴി വ്യാപാരബന്ധവും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

രാജ്യത്ത് മറ്റെങ്ങും കാണാത്ത ശില്പചാതുരിയാണ് മഹാബലിപുരത്തിന്റെ പ്രധാന സവിശേഷത. ദൈവങ്ങളും സാധാരണ മനുഷ്യരും ക്ഷേത്രങ്ങളും ഗുഹകളും ആനകളും സിംഹങ്ങളും ആടുകളും ആമകളും കാട്ടുപന്നിയും പൂച്ചയും എലികളും വാനരന്‍മാരും പക്ഷികളും എന്നുവേണ്ട ഒട്ടുമിക്ക ചരാചരങ്ങളെയും ശില്പങ്ങളില്‍ കാണാം. സൂര്യനും ചന്ദ്രനും ഗന്ധര്‍വന്മാരും അപ്സരസുകളും വേട്ടക്കാരും സന്ന്യാസിമാരുമൊക്കെ പാറകളില്‍ കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മിക്കവയും ഒറ്റക്കല്ലില്‍ തീര്‍ത്തവയാണ്. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖപട്ടണമായിരുന്ന മഹാബലിപുരം ‘യുനെസ്‌കോ’യുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

‘അര്‍ജുനന്റെ തപം’ എന്ന വലിയ കരിങ്കല്‍ശില്പമാണ് നരേന്ദ്രമോദിയും ഷി ജിന്‍ പിങ്ങും ഒരുമിച്ച് സന്ദര്‍ശിക്കുന്ന ഒരിടം. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ്സാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് അനുമാനം. ‘കൃഷ്ണന്റെ വെണ്ണക്കല്ല്’ എന്നറിയപ്പെടുന്ന കൂറ്റന്‍ ഉരുളന്‍കല്ലും ഇരുനേതാക്കളും ഒരുമിച്ച് സന്ദര്‍ശിക്കും. ഒരു ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്‍ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ലാണ് ഇത്. പ്രസിദ്ധമായ ‘ഷോര്‍ ടെമ്പിള്‍’ ആണ് ഇരുവരും സന്ദര്‍ശിക്കുന്ന മറ്റൊരിടം.

shortlink

Related Articles

Post Your Comments


Back to top button