Latest NewsKeralaNews

മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം മതനേതാക്കൾക്ക് മുമ്പിൽ വെച്ചത്. ജില്ലാ കലക്ടർമാരുടെ സാന്നിധ്യത്തിൽ പതിനാലു ജില്ലകളിലും മതനേതാക്കൾ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വലിയ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ തോതിലുള്ള കേന്ദ്രീകരണം ഒഴിവാക്കാൻ കഴിഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാരുമായി സഹകരിക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Read also: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷം പേരോളം

സമൂഹമാകെ ഗുരുതരമായ ആരോഗ്യസുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലുകൾ എടുക്കുകയും അതീവ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. കേരളത്തിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എന്നാൽ ഏതുഘട്ടത്തിലും അപകടകരമായ സാഹചര്യത്തിലേക്ക് പോകാം. രോഗം പടർന്നാൽ വലിയ ആപത്തായിരിക്കും. അതീവ ജാഗ്രതയിലൂടെ മാത്രമേ ഈ സ്ഥിതി ഒഴിവാക്കാൻ കഴിയൂ.

മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാർഥന, ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച നടക്കുന്ന കുർബാന എന്നിവയിലും ആളുകൾ ധാരാളമായി പങ്കെടുക്കുന്നതു ഒഴിവാക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ക്ഷേത്രോത്സവങ്ങൾ നടക്കുന്ന കാലമാണിത്. പലയിടത്തും പൊങ്കാല നടക്കുന്നുണ്ട്. അവയെല്ലാം നിയന്ത്രിക്കണം. മതപരമായ ചടങ്ങുകൾ മാത്രമാക്കി ഇത്തരം ഉത്സവങ്ങളും പ്രാർഥനകളും പരിമിതപ്പെടുത്തണം. പത്തനംതിട്ടയിൽ മതനേതാക്കളുമായി ആലോചിച്ച് ഉണ്ടാക്കിയ ധാരണ ഇക്കാര്യത്തിൽ മാതൃകാപരമാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പത്തു പേരിലധികം വെണ്ടെന്നാണ് അവിടെ തീരുമാനിച്ചത്. സമൂഹത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ മതനേതാക്കളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സർക്കാർ എടുക്കുന്ന എല്ലാ മുൻകരുതൽ നടപടികളുമായും പൂർണമായി സഹകരിക്കുമെന്ന് മതനേതാക്കൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button