KeralaLatest NewsNews

പൊലീസ് നിയമ ഭേദഗതി ; മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി നടപ്പിലാക്കിയ പൊലീസ് നിയമ ഭേദഗതി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിനെതിരായ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ പത്രമാരണ നിയമമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന 2000ലെ ഐടി ആക്ടിലെ 66 എ, 2011 ലെ കേരള പോലീസ് ആക്ട് 118(ഡി) വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത്തരമൊരു കരിനിയമത്തെ കുറിച്ച് സീതാറാം യെച്ചൂരി എന്തുകൊണ്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. യെച്ചൂരിയുടെ മൗനം ഈ കരിനിയമത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്നതിന് തുല്യമാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് ഇടപാട്, ബിനാമി ഭൂമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഓരോ ദിവസവും ഗുരുതരമായ ആരോപണങ്ങളും തെളിവുകളുമാണ് സര്‍ക്കാരിനെയും മന്ത്രിമാരെയും കേന്ദ്രീകരിച്ച് പുറത്ത് വരുന്നത്. ഇതില്‍ പലതും മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ തടയുകയും മാധ്യമപ്രവര്‍ത്തകരെ ജയിലടക്കുകയും ചെയ്യുന്ന ഈ പത്രമാരണ നിയമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മാധ്യമസ്വാതന്ത്ര്യം തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന ഏകാധിപതികളാണ് ഇരുവരും. ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button